ആ മഹാനുഭാവന്റെ വാക്കുകൾകൊണ്ടു തന്നെ വേണം തുടങ്ങാൻ...... അതൊരു നിയോഗം ആയിരുന്നു! ഓർമ്മകൾ എത്ര പുറകോട്ടു പോയാലും അത്രയും പുറകിൽ ആ ദമയന്തിയെ കാണാം. തിരശ്ശീല നീങ്ങുമ്പോൾ " മന്നിൽ ഈവണ്ണം ഉണ്ടോ മധുരത രൂപത്തിന്" എന്ന ആശ്ചര്യം മാത്രം ആയിരുന്നു ആദ്യം. പിന്നീട് പലപ്പോഴായി ആ ഭാവങ്ങൾ മനസ്സിൽ തീർക്കുന്ന സംവേദനതലങ്ങൾ വാക്കുകൾക്ക് അതീതമായി നിലകൊള്ളുന്നു എന്നറിഞ്ഞുതുടങ്ങി. അരങ്ങിലെ കാഴ്ചകൾക്കപ്പുറത്തേക്ക് മനസ്സു കടന്നുചെല്ലുവാനും ലേഖനങ്ങളിലൂടെയും വാർത്തകളിലൂടെയും ആ മഹാനടനെ കൂടുതൽ അറിയുവാനും തുടങ്ങിയതോടെ "കുണ്ഡിനപുരി" എന്നപോലെ "കാറൽമണ്ണ" എന്ന ദേശവും തീവ്രമായ ആവേശമുണർത്തുന്ന ഒരു പ്രതീകമായി മാറി. എങ്കിലും ഒരിക്കലെങ്കിലും ആ ദേശത്ത് എത്തുവാനോ "വാരിയത്തു പള്ളിയാലിൽ" വീടിന്റെ പടികൾ ഇറങ്ങിച്ചെന്ന് ആ പാദങ്ങളിൽ നമസ്കരിക്കുവാനോ സാധിക്കുമെന്നു സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല. "നിയോഗം" എന്നല്ലാതെ എനിക്കു കൈവന്ന ഭാഗ്യത്തിനു മറ്റൊരു വാക്കു പറയാൻ എനിക്കറിയില്ല!
അക്ഷരം കൂട്ടിവായിക്കാൻ പഠിപ്പിച്ച ഗുരുനാഥനിൽനിന്നു നളചരിതത്തിലെ നല്ല നല്ല പദങ്ങൾ വളരെ കുട്ടിക്കാലത്തേ പരിചയിക്കാൻ ഉള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. ആ വാത്സല്യത്തോടൊപ്പം മനസ്സിൽ നിറഞ്ഞ നളചരിതം ഇന്നും അതേ ജിജ്ഞാസ ഉണർത്തുന്നു. ഓരോ തവണ വായിക്കുമ്പോഴും ആടി ക്കാണുമ്പോഴും പലതും അവ്യക്തമായി തോന്നുന്നുവല്ലോ എന്നൊരു അസ്വസ്ഥത മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. പല അന്വേഷണങ്ങളും തൃപ്തികരമായി പര്യവസാനിക്കാതെ വന്നപ്പോഴാണ് ദമയന്തിയായി അരങ്ങിൽ ജീവിക്കുന്ന മഹാനടനോടു നേരിട്ടുചോദിച്ചു മനസ്സിലാക്കാം എന്നൊരു ചിന്ത കടന്നുവന്നത്. സാഹസം എന്നുതന്നെ പറയാം, മനസ്സിൽ അടിഞ്ഞുകൂടിയിരുന്ന സംശയങ്ങൾ എല്ലാം ഒരു കടലാസ്സിൽ പകർത്തി "ശ്രീ കോട്ടക്കൽ ശിവരാമൻ, കാറൽമണ്ണ" എന്നു മേൽവിലാസവും എഴുതി അയച്ചു. കുറേനാളേക്കു മറുപടി ഒന്നും കാണാതെവന്നപ്പോൾ വലിയ നിരാശ തോന്നി. സുഖമില്ലാതിരിക്കുമ്പോൾ ബുദ്ധിമുട്ടിച്ചതിനു സ്വയം നിന്ദിക്കുകയും ചെയ്തു.
തീരെ പ്രതീക്ഷിക്കാത്ത ഒരു സന്ധ്യാസമയത്താണ് ശ്രീ കോട്ടക്കൽ ശിവരാമന്റെ മകൾ ശ്രീമതി അമ്പിളി എന്നെ വിളിച്ചത്. അന്ന് കർക്കിടകമാസത്തിൽ ചോതി നക്ഷത്രം- ശ്രീ ശിവരാമന്റെ പിറന്നാൾ- ആയിരുന്നു. സംസാരിക്കാൻ വാക്കുകൾ കിട്ടാതെ ഞാൻ വിഷമിച്ചുപോയി എന്നും അദ്ദേഹത്തെ കാണാൻ ഞാൻ കാറൽമണ്ണയിൽ ചെല്ലാം എന്നു പറഞ്ഞതും മാത്രമേ ഇപ്പോൾ ഓർമയുള്ളൂ. അക്രൂരൻ അമ്പാടിയിലേക്ക് എന്നപോലെയോ കുചേലൻ ദ്വാരകയിലേക്ക് എന്നപോലെയോ - ഒരു ചിരകാലമോഹം സഫലമാകാൻ പോകുന്നു എന്നു മാത്രം മനസ്സിലായി.
2008 ഒക്ടോബർ 4 ആം തീയതി രാവിലെ അദ്ദേഹത്തെ കാണാൻ പുറപെട്ടു. കാർ ഷൊർണൂർ വിട്ടപ്പോൾ മുതൽ മനസ്സിൽ ആശങ്കകൾ നിറഞ്ഞുതുടങ്ങി. ആ മഹാനടന്റെ മുമ്പിൽ എങ്ങനെ കടന്നു ചെല്ലും, എന്തു പറഞ്ഞു തുടങ്ങും എന്നിങ്ങനെ മനസ്സു ചഞ്ചലമായിക്കൊണ്ടിരുന്നു. കാറൽമണ്ണ എത്തിയപ്പോഴേക്കും തിരിച്ചുപോയാലോ എന്നുപോലും തോന്നി. അദ്ദേഹത്തിന്റെ വീടിനടുത്തു വണ്ടിയിറങ്ങി ആ പാദസ്പർശത്താൽ ധന്യമായ വഴിയിലൂടെ നടന്നപ്പോൾ എല്ലാ സന്ദേഹങ്ങളും അസ്ഥാനത്താണെന്നു തോന്നിത്തുടങ്ങി. "ശിവരാമണീയം" ചിത്രപ്രദർശനത്തിൽ കണ്ടു മനസ്സിൽ പതിഞ്ഞ ദൃശ്യങ്ങൾ നേരിൽ കണ്ടപ്പോൾ മനസ്സിൽ നിറഞ്ഞതു ചാരിതാർത്ഥ്യം ആയിരുന്നു. പ്രതീക്ഷിച്ചതുപോലെതന്നെ " ഭവാനീ, അവരു വന്നു" എന്നു വിളിച്ചുപറയുന്നതു കേട്ടുകൊണ്ടു പൂമുഖത്തേക്കു കടന്നുചെന്ന് ആ പാദങ്ങളിൽ നമസ്കരിച്ചപ്പോൾ എന്റെ നിയോഗം പൂർത്തിയായി എന്നും മനസ്സിലായി.
ഒരിക്കൽ ചെന്നാൽ വീണ്ടും വീണ്ടും ചെല്ലാൻ പ്രേരിപ്പിക്കുന്ന ഒരു വശ്യത ആ വീട്ടിൽ അനുഭവപ്പെട്ടു. ചോദ്യങ്ങൾ എല്ലാം വീണ്ടും എഴുതിക്കൊണ്ടുപോയിരുന്നു. ഉത്തരങ്ങൾ എഴുതിയെടുക്കാൻ പുസ്തകവും പേനയും എല്ലാം ആയി തയ്യാറായി ഇരുന്നെങ്കിലും ഒന്നും സാധിച്ചില്ല. ഞാൻ അയച്ച എഴുത്ത് സൂക്ഷിച്ചു വച്ചിരുന്നു അദ്ദേഹം. അതെടുത്തുവച്ചു വായിച്ചുകൊണ്ട് എന്റെ ഓരോ ചോദ്യത്തിനും സ്വതസിദ്ധമായശൈലിയിൽ സംശയനിവാരണം നടത്തുമ്പോൾ എനിക്കു കേട്ടിരിക്കാനേ തോന്നിയുള്ളൂ. അരനൂറ്റാണ്ടുകാലത്തെ അരങ്ങിലെയും വായനയിലേയും അനുഭവസമ്പത്ത് വാക്കുകളായി അനുസ്യൂതം പ്രവഹിക്കുമ്പോൾ എല്ലാം മറന്നു വെറുതെ കേട്ടിരുന്നു. സമയം പോയത് അറിഞ്ഞതും ഇല്ല.
ഒന്നാം ദിവസത്തിലെ ദമയന്തിയെക്കുറിച്ചു വ്യക്തമായി അറിയാൻ വേണ്ടി തലയോലപ്പറമ്പിലെ വായനശാലയിൽ നിന്നു നൈഷധം ചമ്പു എടുത്തു വായിച്ചതും കൌമാരം വിടാത്ത ദമയന്തിയുടെ മനസ്സ് എങ്ങനെ എന്നു മനസ്സിലാക്കിയതും പറഞ്ഞത് ഓർമയുണ്ട്. ഹംസത്തിനെ കാണുന്ന സമയത്ത് ദമയന്തിക്ക് പതിമൂന്നുവയസ്സേ ഉള്ളൂ എന്നും ആ ഒരു ധാരണയോടെ ആണ് ഒന്നാം ദിവസം ദമയന്തിയെ അവതരിപ്പിക്കാറുള്ളത് എന്നും പറഞ്ഞു.
നാലാം ദിവസത്തിലെ ദമയന്തിയെപ്പറ്റിയും ഒരുപാടുനേരം സംസാരിച്ചു. പുരുഷന്മാർക്കു തുല്യമായ സ്ഥാനം സ്ത്രീകൾക്ക് നല്കാൻ മടിക്കുന്ന പഴയ സാമൂഹിക അന്തരീക്ഷം കണക്കിലെടുത്താണ് അദ്ദേഹം പലതും വ്യാഖ്യാനിച്ചത്. ബാഹുകൻ ഇരുന്നുകൊണ്ട് ദമയന്തി പ്രവേശിക്കുന്നതു തന്നെ ആണ് ശരി എന്ന അഭിപ്രായം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.
മനസ്സു നിറയുന്നതു വരെ ആ വാഗ്ധോരണിയിൽ മുഴുകി ഇരിക്കാനും അറിവിന്റെ മഹാസാഗരത്തിൽ നിന്നു ഏതാനും തുള്ളികൾ നെറുകയിൽ ധരിക്കാനും കഴിഞ്ഞതിന്റെ ധന്യതയോടെ വീണ്ടും വീണ്ടും ആ പാദങ്ങളിൽ ശതകോടിപ്രണാമങ്ങൾ.
No comments:
Post a Comment