Monday, 20 October 2014

മനയോലപ്പാടുകൾ :- പീ.വി.ശ്രീവത്സൻ............. അരങ്ങ്‌ -1


കർക്കടകത്തിലെ കറുത്ത മേഘങ്ങളുടെ തിരനോട്ടം ,പട്ടിണിയുടേയും ദാരിദ്ര്യത്തിന്റേയും കളിപ്പെട്ടികൾ.ചന്നമ്പിന്നം പെയ്യുന്ന മഴ.മഴത്തുള്ളികളുടെ മേളപ്പദം
അങ്ങോട്ടുമിങ്ങോട്ടും നാലഞ്ചു നാഴിക വീതം നടന്നു ദിവസേന വെള്ളിനേഴി എലിമന്ററി സ്ക്കൂളിലേക്ക്‌. പഠിക്കാൻ മിടുക്കൻ.ഏറ്റവും അടുത്ത ഒരു ചങ്ങാതിയുടെ കൂടെ വന്നു സ്ക്കൂളിൽ ചേർന്നു. അച്ഛനോ അമ്മയോ മറ്റു വേണ്ടപ്പെട്ടവർ ആരുമില്ലാതെ സ്ക്കൂളിൽ ചേർന്നു വന്നതിനുശേഷം മാത്രമേ വീട്ടിൽ വിവരമറിഞ്ഞതുള്ളു.ഒരു പന്ത്രണ്ടു വയസ്സുകാരന്റെ വികൃതി.
പഠിപ്പിലെന്നപോലെ ചിത്രം വരക്കാനും ബഹുമിടുക്കൻ. ഉച്ചയൊഴിവിൽ കൂട്ടുകാർക്ക്‌ ,തന്റെ ബാലഭാവനയിൽ തെളിഞ്ഞ ചിത്രങ്ങൾ വരച്ചുകൊടുത്തു. തുവർത്തുമുണ്ടു മുറുക്കിയുടുത്തു അകറ്റാൻ ശീലിച്ച ഉച്ചവിശപ്പ്‌.!
ചിലപ്പോൾ ഒന്നോ രണ്ടോ ഉരുള ചോറ്‌, മോരു കൂട്ടിയുടച്ചതു. ചില കൂട്ടുകാരിൽ നിന്ന്‌, തട്ടിയും മുട്ടിയും സന്തോഷമായി നീങ്ങിയ നാളുകൾ .രണ്ടുമൂന്നു വർഷം.
അതിനിടയ്ക്ക്‌ അപ്രതീക്ഷിതമായി ആ ആറാംൿളാസ്സുകാരന്റെ (അന്നത്തെ ഫസ്റ്റ്‌ ഫോറം. നാലാം തരത്തിലായിരുന്നു സ്ക്കൂളിൽ ചേർത്തത്‌‍ാമനസ്സിൽ മറ്റു ചില ചിത്രങ്ങൾ വരച്ചുതുടങ്ങിയ കാലം. കഥകളിയുടെ വർണ്ണചിത്രങ്ങൾ. !കൈമുദ്രകളിലൂടെ ,കലാശങ്ങളിലൂടെ, ഭാവങ്ങളിലൂടെ വിരിയിച്ചെടുക്കാൻ കൊതിച്ച ചിത്രങ്ങൾ. അരങ്ങത്തെ ചിത്രങ്ങൾ.
സ്ക്കൂൾ വിട്ടുപോരുമ്പോൾ കാന്തള്ളൂരമ്പലത്തിന്റെ തൊട്ടടുത്തുള്ള ഒരു പഴയ മഠത്തിന്റെ ഉമ്മറത്തു ചെന്നു നിന്നു. അതൊരു പതിവായി. അവിടെനിന്നുയർന്ന ചെണ്ടയുടേയും, മദ്ദളത്തിന്റേയും, ചേങ്ങിലയുടെയും നാദവിസ്മയങ്ങളിൽ ഭ്രമിച്ചു വശായി. അമ്പലമുറ്റത്തുള്ള അരയാലിലകളിൽ പോലും കഥകളിയുടെ കലാശച്ചുവടുകൾ നൃത്തം വെക്കുന്നതു നോക്കി നിന്ന ബാല്യകൗതുകം. അവിടെ ചേക്കേറിയ കുരുവികൾ. ഇളംകാറ്റിലെ ഇടക്കലാശങ്ങൾ.
ആ കളരിയിലെ ഗുരുവായി അബോധമനസ്സിൽ ഒരടുപ്പത്തിന്റെ തളിരില പൊട്ടിക്കിളിർത്തു. മെല്ലെ മെല്ലെ .ദിവസേനയെന്നോണം കളരിമുറ്റത്തു വന്നുനിന്ന ആ കുട്ടിയോടും ഏതാണ്ടതേ തരത്തിലൂള്ള ഒരടുപ്പം ആ ഗുരുവിന്റെയുള്ളിലും നാമ്പിട്ടു.
മുജ്ജന്മത്തിലെ ഏതോ സുകൃതം പോലെ!
വീതി കുറഞ്ഞ വരമ്പുകളും കുണ്ടനിടവഴികളും കയറ്റിറക്കങ്ങളും കടന്നു വേണ്ടിയിരുന്നു സ്ക്കൂളീലെത്താൻ. മാത്രമല്ല ,വഴിക്കൊരു ചെറിയ തോടു കടക്കണം. തെങ്ങിൻ തടി കൊണ്ടുള്ള പാലം മഴക്കാലത്തു തൂതപ്പുഴയിലേക്കു കുത്തിയൊലിച്ചു.ആ പാലം കടക്കാൻ നല്ല പരിചയം വേണം കാറും കോളും നിറഞ്ഞ വൈകുന്നേരങ്ങളിൽ മകൻ സ്ക്കൂൾ വിട്ടുവരുന്നതു കാത്തു ഒരമ്മ ആ തോട്ടുവക്കത്ത്‌ ആധി പൂണ്ട്‌ കാത്തുനിന്നു. ആ അമ്മയുടെ മൂത്ത മകൻ മദിരാശിയിലേക്കു നാടു വിട്ടുപോയതാണ്‌. രണ്ടാമത്തെ മകനേക്കാൾ പത്തുപന്ത്രണ്ടു വയസ്സു മൂത്തവൻ. അതുകൊണ്ട്‌ ഇളയകുട്ടിയോട്‌ ഇരട്ടി സ്നേഹമാണ്‌`. സമയമേറെക്കഴിഞ്ഞിട്ടും മകനെ കാണാനില്ല. പേടിയും പരിഭ്രമവും .താളും തകരയും കൊണ്ടുള്ള മെഴുക്കിപുരട്ടിയും മുളകു വറുത്ത പുളിയും. ഇനി അരി വാർക്കുകയേ വേണ്ടു. മകനേയും അന്വേഷിച്ചു ഇടവഴികളിലൂടേയും ഒറ്റയടിപ്പാതയിലൂടേയും ആ അമ്മ നടന്നു .കാണുന്നവരോടെല്ലാം ചോദിച്ചു.
'എവടെ.........എവടേന്റെ കുഞ്ചു..? നേരന്ത്യായീലോ...ഇനീം കുഞ്ചു വന്നിട്ടില്യാലോ...ന്റെ തിരുമുല്ലപ്പള്ളി തേവരേ ...........ആരെങ്കിലും കണ്ട്വോ കുഞ്ചൂനെ.............ന്റെ കുഞ്ചൂനെങ്ങാനും കാണാണ്ടായോ?
ആധി പൂണ്ട ആ അന്വേഷണത്തിന്റെ ഏതോ ഒരിടവഴിയിലെത്തുമ്പോൾ അതാ വരുന്നു കുഞ്ചു!
കീറിയ ഒരോലക്കുട പിടിച്ചു തുള്ളിക്കു മാറി ഏതെല്ലാമോ മനോരാജ്യത്തിൽ മുഴുകി പതുക്കെ ധൃതിയൊട്ടുമില്ലാതെ നടന്നുവരുന്നു കുഞ്ചു.
അടുത്തെത്തിയപ്പോൾ മാറോടടുക്കിപ്പിടിച്ചു. മഴയുടെ ഇളം മന്ദഹാസം അവരെ പൊതിഞ്ഞു.
അമ്മ ചോദിച്ചു
'എന്താ ...എന്താന്റെ കുട്ടീ..നീയ്യിങ്ങനെ?എത്ര പേടിച്ചൂന്നോ അമ്മ. എവിടെയായിരുന്നു നീയിതു വരെ?എന്താ നിന്റെ വിചാരം?നെണക്കു മാത്രം ന്താ ത്ര താമസം സ്ക്കൂളിൽ നിന്നു വരാൻ?
അപ്പോൾ, കുഞ്ചുവിന്റെ കണ്ണുകളിൽ"പുറപ്പാടീലെ "കൃഷ്ണന്റെ പീലിത്തിരുമുടിയിലെ മയിൽപ്പീലികൾ നൃത്തം വെച്ചു.
അമ്മയെ സമാധാനിപ്പിച്ചു
"ഞാൻ ....ഞാനേയ്‌ കാന്തള്ളൂരമ്പലത്തിന്റെ യടുത്ത്‌ ഒരു വീടില്ല്യേ?അതിന്റെ മുറ്റത്ത്‌ ത്തിരി നേരം നിന്നു. കഥകളിക്കു അവിടേത്രെ അണിയറ പതിവ്‌. പിന്നെ മഴ. ..അതു വകവെച്ചില്ല.അവടങ്ങനെ നിക്കാൻ നല്ല രസാണമ്മെ"
നിഷ്ക്കളങ്കത തിളങ്ങിയ മിഴികൾ.നടക്കുമ്പോൾ ,ഒരു കുടക്കീഴിൽ , അമ്മയോടു പിന്നേയും പിന്നേയും പറഞ്ഞു
അവിടെ കളി പഠിപ്പിക്കുന്നുണ്ട്‌. അതു കണ്ടു നിക്ക്വാർന്ന്‌. ചെലപ്പോളൊക്കെ ഞാനവിടെ പോകാറുണ്ട്‌. അമ്മേ എനിക്കും കഥകളി പഠിക്കണം. അതു പഠിപ്പിക്കുന്ന ആളെ ഞാൻ നല്ലോണറിയും. ഞാൻ പറഞ്ഞാൽ പഠിപ്പിക്കാതിരിക്കില്ല. എനിക്കുറപ്പാണ്‌.
'എന്താ കുഞ്ചൂ നീയ്യ്‌ പറയണത്‌?
ആരാണ്‌ നിന്നെ കളി പഠിപ്പിക്വാ? അതൊക്കെ ചെലവല്ലേ?
ആരാണ്‌ സഹായിക്കാനുള്ളത്‌?വെറുതങ്ങ്‌ട്‌ പറഞ്ഞൂ.... ആഗ്രഹിച്ചോണ്ടൊന്നും ആരും പഠിപ്പിക്കില്ല. '
കുഞ്ചുവിനേയും കൂട്ടി വേഗം നടന്നു വീട്ടിലേക്ക്‌........

No comments:

Post a Comment