മുക്കാല്‍ നൂറ്റാണ്ടുകാലം കെടാവിളക്കുപോലെ കളിയരങ്ങത്തു നിറഞ്ഞു നിന്ന മഹാനടന്‍ ആണു അന്തരിച്ച ഗുരു ചെങ്ങന്നൂര്‍ രാമന്‍പിള്ള. മറ്റൊരു നടനും അത്തരത്തില്‍ ഒരു ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും തോന്നുന്നില്ല. തൊണ്ണൂറാം വയസ്സിലും ആശാന്‍റെ കത്തി വേഷം സഹൃദയര്‍ക്ക് കണ്ണിനു കര്‍പ്പൂരം ആയിരുന്നു.
അസാധാരണമായ രംഗശ്രീ, കടുകട്ടിയായ താളപ്പിടിപ്പ്, മികച്ച രസവാസന, മനോഹരമായ കയ്യും മെയ്യും ഇതെല്ലാം ആശാന്‍റെ മുതല്‍കൂട്ടായിരുന്നു. തെക്കന്‍ ചിട്ടയില്‍ കലാശങ്ങള്‍ക്കോ, താളപ്പിടിപ്പിനോ ഒന്നും സ്ഥാനമില്ല എന്നൊരു വിമര്‍ശനം ചില കേന്ദ്രങ്ങളില്‍ നിന്ന് കേട്ടിട്ടുണ്ട്. ചെങ്ങന്നൂര്‍ രാമന്‍ പിള്ളയുടെ ആട്ടം കണ്ടിട്ടുള്ളവര്‍ ആരും അങ്ങിനെയൊരു വിമര്‍ശനം ഉന്നയിക്കുകയില്ല; തീര്‍ച്ച.
രാവണവിജയത്തില്‍ രാവണന്‍ കെട്ടിയാല്‍ ആശാന്‍ തനിക്കു താന്‍ പോര്-തന്റേടം എന്നും പറയാറുണ്ട്-ആടുന്ന കൂട്ടത്തില്‍ തപസ്സും ആടുമായിരുന്നു. ഉത്ഭാവത്തിലെ രാവണന്‍റെ തപസ്സാട്ടം ത്രിപുട വട്ടത്തിനോത്തും ഇത് ചെമ്പടയുo ആണെന്നൊരു വ്യത്യാസമേയുള്ളൂ. രണ്ടും ആശാന്‍ പ്രവര്‍ത്തിക്കുന്നത് കാണേണ്ടത് തന്നെ. അതുപോലെതന്നെയാണ് കല്യാണ സൌഗന്ധികത്തില്‍ ഹനുമാന്‍റെ തപസ്സും ആശാന്‍ ആടി കാണുന്നത്.
അതുപോലെതന്നെ പടപ്പുറപ്പാട്, കേകി തുടങ്ങി അഭ്യാസബലം അങ്ങേയറ്റം ആവശ്യമായ ഇനങ്ങളും ആശാന്‍ ആടി കാണുന്നതും പ്രത്യേകത തന്നെയാണ്. കമലദളം, അജഗര കബളിതം മുതലായ ഭാഗങ്ങളുടെ കഥയും അങ്ങിനെ തന്നെ.
കൈലാസോദ്ധാഹരണവും പാര്‍വ്വതീ വിരഹവും ആശാന്‍ ആടുന്നത് വായനക്കാര്‍ കണ്ടിട്ടുണ്ടല്ലോ. തോഴികളുമായി ഉല്ലാസമായി കുളിച്ചുകൊണ്ടിരിക്കുന്ന പാര്‍വ്വതി നാരദന്റെ വാക്കുകേട്ട് കൈലാസത്തിലേക്ക് കുതിച്ചുപായുന്ന വഴിക്ക് താഴെ വീണു പിടയുന്ന സുബ്രഹ്മണ്യനെയും ഗണപതിയെയും കണ്ടു കൊപാക്രാന്തയായി പരമേശ്വര സന്നിധിയിലെത്തുമ്പോള്‍ മുഖത്ത് സ്ഫുരിക്കുന്ന ഈര്‍ഷ്യ, അസൂയ, കോപം, കാലുഷ്യം തുടങ്ങിയ ഈഷദ് ഭിന്നഭാവങ്ങള്‍ ഇത്ര ചേതോഹരമാണ്.
വേഷപ്രശ്ചന്നര്‍ ആയി എത്തിയ കൃഷ്ണനെ തിരിച്ചറിയുമ്പോള്‍ ജരാസന്ധന്റെ മുഖത്തും അഹല്യാ ജാരാ എന്ന് ഇന്ദ്രനെ സംബോധന ചെയ്തു സൂചിത കഥയാടുന്ന നരകാസുരന്റെ മുഖത്തും കാണുന്ന ഹാസം, രാവണവിജയത്തില്‍ രാവണന്‍റെ മുഖത്ത് തുളുമ്പുന്ന ശൃംഗാരം, കീചകന്റെ വിടത്വം, ദുര്യോധനന്റെ ഉദ്ധതമായ വീരം ഇതൊക്കെ ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെ മുഖത്തു തന്നെ കാണണം.
ചെങ്ങന്നൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ചെവിയില്‍ മുഴങ്ങുന്നത് ആശാന്‍റെ അലര്‍ച്ച, ആ നീളവും, ആ ദീര്‍ഘവും, ആ രസസ്ഫുരണവും, ആ ശ്രുതിമാറ്റവും മറ്റാര്‍ക്കും ഇല്ല. ആശാന്‍റെ ശിഷ്യന്മാര്‍ക്കുപോലും ആ അലര്‍ച്ച കിട്ടിയിട്ടില്ല............(1981)..........


No comments:
Post a Comment