നളചരിതം മൂന്നാംദിവസത്തിലെ ബാഹുകന്‍റെ 'കാദ്രവേയ കുലതിലക' എന്ന പദം എന്നെ അത്യധികം ആകര്‍ഷിച്ചിട്ടുള്ള പദങ്ങളില്‍ ഒന്നാണ്. ഈ പദം ഓരോ തവണ കേള്‍കുംപോഴും കാണുമ്പോഴും എന്തൊക്കയോ മനസ്സില്‍ വന്നു നിറയാറുമുണ്ട്. ആ ചിന്തകള്‍ ആണ് ഞാന്‍ ഒന്ന് എഴുതി നോക്കുന്നത്. പുതിയ ആട്ടം ഞാന്‍ പഠിപ്പിക്കുകയല്ല. ഇതാണ് ശരി എന്നും പറയാനുള്ള വിവരക്കേടും എനിക്കില്ല. പക്ഷെ എന്‍റെ മനസ്സില്‍ തോന്നിയ ചെറിയ ചിന്തകള്‍ ആയി പരിഗണിക്കണമെന്ന് മുതിര്‍ന്ന നിങ്ങളോട് ഒരു അപേക്ഷ. കഥകളി മനസിലാക്കാന്‍ ഒരു പുരുഷായുസ്സു പോരാ എന്ന് പറഞ്ഞ ആചാര്യന്‍ പട്ടിക്കാംതൊടിയില്‍ രാവുണ്ണി മേനോന്‍ ആശാനെ വീണ്ടും വീണ്ടും കുമ്പിടുന്നു...............
'കാദ്രവേയ'.......... കദ്രു പുത്രന്‍ എന്നാണു സംബോധന. കദ്രുവും വിനതയും തമ്മിലുള്ള കലഹം പ്രസിദ്ധമാണല്ലോ. ചതി ആയിരുന്നു കദ്രുവിന്‍റെ വിജയകാരണവും. പരോക്ഷമായി നളന്‍റെ ചിന്തയില്‍ കാര്‍ക്കോടകനും നളനോട് ചെയ്തത് അതുതന്നെയാണല്ലോ. 'ചിന്തിതമചിരാല്‍' എന്ന കാര്‍ക്കോടകന്‍റെ മറുപടി കേള്‍ക്കും വരെ നളനു പൂര്‍ണസമാധാനം കിട്ടുന്നുമില്ല. ഇനി 'കാദ്രവേയാ' എന്ന വാക്കുകേള്‍ക്കുമ്പോള്‍ സംസ്കൃതവും വ്യാകരണവും ഒന്നും ഒട്ടും അറിയാത്ത എനിക്ക് തോന്നുന്ന ഒരു അര്‍ത്ഥം ഉണ്ട്. അത്, ആര്‍ദ്രത വ്യയം ചെയ്യുന്നവനേ എന്നാണ്. അതിനു ഒരു ചെറിയ യുക്തി എന്തെന്നാല്‍, ഇതിനു മുന്‍പുള്ള കാര്‍ക്കോടകന്റെ പദത്തില്‍ 'നിന്നഴല്‍ക്കു മൂലം' എന്ന് തുടങ്ങിയുള്ള ഭാഗം ശ്രദ്ധിക്കാം. നിന്‍റെ എല്ലാ ദു:ഖത്തിനും കാരണം കലി ആണ്. എന്നുടെ വിഷം ഏറ്റതിനാല്‍ അവന്‍ പെട്ടന്ന് നിന്നെ വിട്ടൊഴിയും. നിന്നെ ആരും അറിയാതിരിക്കാന്‍ നിന്‍റെ ശരീരം ഞാന്‍ മറച്ചതാണ്. ഞാന്‍ തരുന്ന വസ്ത്രം ധരിച്ചാല്‍ നിനക്ക് പഴയ രൂപം ലഭിക്കും. ഈ വരികള്‍കൊണ്ടു നളനു എത്രത്തോളം ആശ്വാസം ലഭിക്കുമെന്നു നമുക്ക് ഊഹിക്കാം. നളന്‍റെ തുടര്‍ന്നുള്ള ജീവിതത്തിനു വേണ്ട കാര്യങ്ങളാണ് കാര്‍ക്കോടകന്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ തനിക്കു വളരെ വലിയ ഉപകാരം ചെയ്തവനെ, തന്നോട് ഏറ്റവും കരുണ കാണിച്ചവനെ എന്ന് നളന്‍ കാര്‍ക്കൊടകനെ വിളിച്ചാല്‍ തെറ്റില്ല.
'കാല്‍തളിരേ കൂപ്പുന്നേന്‍'........ ദിവ്യനാണ് കാര്‍ക്കോടകന്‍. നാഗമാണേങ്കിലും ആ രൂപത്തില്‍തന്നെ ആവണം നളനു മുന്നില്‍ കണ്ടത് എന്നില്ല. നളന്‍ പറയുന്നുണ്ടല്ലോ 'കത്തുന്ന വനശിഖി മധ്യഗന്‍ ആരെടോ നീ', 'ഭുജംഗം എന്ന് തോന്നി രൂപം കൊണ്ടു നിന്നെ'. തോന്നിയതേയുള്ളൂ. ദിവ്യന്മാര്‍ മാനുഷ രൂപത്തില്‍ പ്രത്യക്ഷപ്പെടും എങ്കിലും അവരെ തിരിച്ചറിയുന്ന അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കുക പതിവായിരിക്കണം. പാമ്പുമേക്കാട്ടു തിരുമേനി തിരുവഞ്ചിക്കുളത്ത് വച്ച് വാസുകിയെ കണ്ടത് മനുഷ്യ രൂപത്തില്‍ ആണെന്ന കഥ പ്രസിദ്ധമാണല്ലോ. അങ്ങിനെ പലതും. ഒന്നാംദിവസം കഥയില്‍ തന്നെ നളന്‍ ഇന്ദ്രാദികളെ കാണുമ്പോള്‍ ഉള്ള സംസാരം തെളിവും രസകരവുമാണ്. ലോഹ്യത്തിനായെങ്കിലും ഇന്ദ്രന്‍ ചോദിക്കുന്നു, 'നളന്‍ അല്ലയോ നീ'. നളനു ഇന്ദ്രാദികളെ മനസിലാകുന്നും ഇല്ല. തുടര്‍ന്ന്‍ ഇന്ദ്രന്‍ തന്നെയും അഗ്നി-വായു -വരുണന്മാരെയും പരിചയപ്പെടുത്തുന്നുമുണ്ട്. ഇത്രയും ചിന്തിച്ചത് മറ്റൊരു കാരണം കൊണ്ടാണ്. ഒരു വ്യക്തി ഒരിക്കല്‍ എഴുതികണ്ടു കാര്‍ക്കോടകന്‍റെ 'കാല്‍തളിരേ കൂപ്പുന്നേന്‍' എന്ന ഭാഗത്ത് പാദം എന്ന് മുദ്ര കാണിക്കുന്നത് ഔചിത്യകുറവു ആണെന്ന്. മാത്രവുമല്ല ഇപ്പൊള്‍ ആ രംഗത്തിന്‍റെ അവസാനം കാര്‍ക്കോടകന്‍ അപ്രത്യക്ഷന്‍ ആകുന്ന സമയത്ത് ബാഹുകന്‍ കണ്ണുകൊണ്ട് കാര്‍ക്കോടകന്‍ ഇഴഞ്ഞിഴഞ്ഞു ആകാശത്തേക്ക് പോകുന്നതായി കാണിക്കുക പതിവാണല്ലോ. അതിനേക്കാള്‍ യോജ്യം മറ്റൊന്നാണ് എന്ന് തോന്നുന്നു. കാര്‍ക്കോടകന്‍ തീയില്‍ വസിക്കുംപോഴും പ്രത്യേകിച്ചു പുറത്തു വന്ന ശേഷവും ദിവ്യമായ മനുഷ്യരൂപത്തില്‍ ആണെന്നും അതിനു ശേഷം കാര്യങ്ങള്‍ പറഞ്ഞു വസ്ത്രവും നല്‍കി പൊടുന്നനെ അപ്രത്യക്ഷനായി എന്നും ചിന്തിക്കുന്നതല്ലേ. '
'ആര്‍ദ്രഭാവം'..........എന്നോട് എത്രത്തോളം കരുണ കാണിക്കാമോ അത്രത്തോളം അങ്ങ് പുലര്‍ത്തണം. എനിക്ക് പഴയ രൂപം തിരിച്ചു കിട്ടുക മാത്രമല്ല ആവശ്യം. ആരും അറിയാതിരിക്കുക മാത്രമല്ല ലക്ഷ്യം. അതിലും വലിയ കാര്യങ്ങള്‍ ലഭിക്കാനുണ്ട് അതിനു അങ്ങയുടെ അനുഗ്രഹം വേണം. അവ എന്തെന്ന് പിന്നീടുള്ള വരികളില്‍ നളന്‍ വ്യക്തമാക്കുന്നു.
'മാമക ദശകളെല്ലാം'......... ഇതിലും ഒരു കുസൃതി ഒളിപ്പിച്ചുവച്ചിട്ടുണ്ട്. തന്നെ തീയില്‍ നിന്ന് രക്ഷിക്കുമ്പോള്‍ ഒന്ന് മുതല്‍ എണ്ണാന്‍ കാര്‍ക്കോടകന്‍ ആവശ്യപ്പെടുന്നു. 'ദശം' എന്ന് എണ്ണി തുടങ്ങുമ്പോള്‍ ആണ് കാര്‍ക്കോടകന്‍ നളനെ ദംശിക്കുന്നത്. അതുകൊണ്ട് 'ദശ' എന്ന പദത്തിന് ഇവിടെ വളരെ പ്രസക്തിയുണ്ട്. അത് നളന്‍ ആവര്‍ത്തിക്കുമ്പോള്‍ ദിവ്യനാനെങ്കിലും കാര്‍ക്കോടകന്‍ ഒന്ന് ചൂളും.
'ധീമാതാംവരാ'...........ബുദ്ധിമാന്മാരില്‍ ശ്രേഷ്ഠന്‍ ആയിട്ടുള്ളവനെ എന്നാണ് നളന്‍ കാര്‍ക്കൊടകനെ വിളിക്കുന്നത്. ഇത് വെറും പ്രശംസയോ, സംബോധനയോ അല്ല. വേണ്ടത് വേണ്ടപ്പോള്‍ ചെയ്യുന്നതാണ് ബുദ്ധി. പ്രായോഗിക ബുദ്ധി, അപ്രായോഗിക ബുദ്ധി എന്നിങ്ങനെ ഇല്ല. ബുദ്ധി ഇപ്പോഴും പ്രായോഗികം ആയിരിക്കും. മഹാരാജാവായിരുന്ന നളന്‍ ആ ഘട്ടത്തില്‍ ഏറ്റവും ആവശ്യമുള്ളത് എന്താണോ അതാണ് കാര്‍ക്കോടകന്‍ പ്രദാനം ചെയ്തത്. അപമാനഭാരത്താല്‍ നീറുന്ന പഴയ മഹാരാജാവിനു തന്നെ ആരും തിരിച്ചറിയരുതെന്ന ആഗ്രഹം മനസ്സില്‍ ഉണ്ട്. അതാണ് അടുത്ത വരിയില്‍,' അവനീ നീളേ സഞ്ചാരം ഇനിയാം പ്രീതോഹം' എന്ന് വ്യക്തമായി പറയുന്നത്. ആ ആഗ്രഹം ആണു ഇപ്പോള്‍ സാധിച്ചിരിക്കുന്നത്. ഇതിലും വലിയ അനുഗ്രഹം തത്കാലം കിട്ടാനില്ല. ഒരു സമ്മാനം നല്‍കുമ്പോള്‍ അത് കൊടുക്കുന്നയാള്‍ക്കല്ല, ലഭിക്കുന്നയാള്‍ക്ക് ഉപകാരപ്രദം ആകണം എന്ന് പറയാറുണ്ടല്ലോ. ആ ന്യായം ആണിവിടെ കാര്‍ക്കോടകന്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. അതിന്‍റെ നന്ദിയാണിവിടെ നളന്‍ പറഞ്ഞിരിക്കുന്നതും.
'വേറെയോന്നായ് കേള്‍ക്കേണമേ നാമധേയം'.......പണ്ടുകാലത്ത് നാമകരണം എന്നാല്‍ വളരെ പവിത്രമായ സംഗതിയായിരുന്നു. അതി സൂക്ഷ്മവും ഗഹനവുമായ സംഗതി. പുരാണങ്ങളില്‍ ഓരോ കഥാപാത്രത്തിനുള്ള പേരും അതിനു കാരണവും വിശദമാക്കിയിരിക്കും. ഉദാഹരണത്തിന് രാമന്‍, ശത്രുഘ്നന്‍, കൃഷ്ണന്‍, രാവണന്‍, മേഘനാദന്‍ തുടങ്ങിയവയൊക്കെ. പേരിലാണ് ഒരു വ്യക്തിയുടെ അസ്തിത്വം. അതുകൊണ്ട് തന്നെയാണ് തനിക്കു യോജിച്ച ഒരു പേരും നിര്‍ദ്ദേശിക്കണമെന്ന് നളന്‍ കാര്‍ക്കൊടകനോട് ആവശ്യപ്പെടുന്നത്. 'ബാഹുകന്‍' എന്നാല്‍ ബാഹുക്കള്‍ ചുരുങ്ങിയവന്‍. ശരീരത്തിന് ചേരാത്ത വളരെ ചെറിയ കയ്യുകള്‍ ഉള്ളവന്‍. പണ്ട് മാത്രമല്ല അടുത്തകാലം വരെയും പേരിനു പ്രസക്തിയുണ്ടല്ലോ. ചേനമ്പുറത്ത് കൃഷ്ണന്‍ എന്ന് കേട്ടാല്‍ വല്ല സഖാവ് ആണെന്ന് നമുക്ക് തോന്നും, ആ വ്യക്തി തന്നെയാണ് വാഴേങ്കട കുഞ്ചു നായര്‍ എന്ന് കേള്‍ക്കുമ്പോളോ. വടക്കെ മണാളത് ഗോവിന്ദന്‍റെ രൌദ്രഭീമന്‍ എന്ന് കേട്ടാല്‍ പോകാത്തവര്‍ അതെ നടന്‍ തന്നെയാണ് കലാമണ്ഡലം ഗോപി എന്ന് കേട്ടാല്‍ തിക്കി തിരക്കും.
'ഇന്ദുമൌലി ഹാരമേ'.............തന്‍റെ ഉപാസനാമൂര്‍ത്തിയെ അലങ്കരിക്കുന്നവനെ. ഏറ്റവും വിശിഷ്ടവസ്തു ആണല്ലോ നമ്മള്‍ ആഭരണമാക്കുക. അതും പരമശിവന്‍ ചെയ്യുമ്പോഴോ ആ ആഭരണത്തിന്‍റെ മൂല്ല്യം വര്‍ദ്ധിക്കുകയും ചെയ്യും. അങ്ങിനെയുള്ള അതി ദിവ്യനായ നാഗശ്രേഷ്ഠ എന്നാണ് സംബോധന. അതീവ ആദരം ആണിവിടെ സ്ഫുരിക്കുന്നത്.
'ഒന്നിനി എന്നോട് ചൊല്‍ക'....... എനിക്ക് ഒന്നേ അറിയണ്ടൂ. അത് എന്‍റെ പഴയ രൂപവും പ്രൌഡിയും തിരിച്ചുകിട്ടുന്നത് അല്ല. 'എന്നെനിക്കുണ്ടാകും യോഗം'. ഞാന്‍ കൊടുംകാട്ടില്‍ ഉപേക്ഷിച്ചുപോന്ന, എന്നെ കാണാഞ്ഞു ദുഖിതയായ എന്‍റെ ഭാര്യയെ വീണ്ടും ഒന്ന് കാണാന്‍, ഒന്നുചേരാന്‍ എനിക്ക് സാധിക്കുമോ.
'മുന്നേപോലെ മന്ദിരത്തില്‍'........പഴയതുപോലെ എന്‍റെ ഭാര്യയേയും കൂട്ടി ഒരു വീട്ടില്‍ കഴിയാനുള്ള ഭാഗ്യം. അത് രാജകൊട്ടാരത്തില്‍ തന്നെ തിരിച്ചു ചെല്ലണം എന്നാവുമോ. ആവാന്‍ വഴിയില്ല. ഒന്നും വേണ്ടാ, എന്‍റെ ഭാര്യയും മക്കളുമായി ഒന്നിച്ചു കഴിയാനുള്ള ഭാഗ്യം. അതുമാത്രമല്ലേ നളന്‍ ആ അവസ്ഥയില്‍ ആഗ്രഹിക്കുകയുള്ളൂ. രാജപദവിയും മറ്റു സുഖ സൌകര്യങ്ങളും ആഗ്രഹിക്കാനുള്ള അവസ്ഥയല്ലല്ലോ അത്.
'എന്നിയെ അറിയാമെന്നാകില്‍'.......ഈ ഭാഗത്ത് വേണമെങ്കില്‍ ഒന്ന് പറയാം. ആദ്യം പറഞ്ഞ ആഗ്രഹം നിവൃത്തിക്കണം. അതുകഴിഞ്ഞ് എന്‍റെ ഭാവി ശോഭനം ആവുമോ എന്നുള്ള കാര്യവും പറഞ്ഞു തരണം എന്നായിക്കൂടെ. പ്രഥമ പരിഗണന കുടുംബത്തെ തിരിച്ചു കിട്ടുക എന്നതാണ്. അത് പറഞ്ഞുകഴിഞ്ഞു അങ്ങേക്ക് അറിയുമെങ്കില്‍ എന്‍റെ ഭാവി, രാജപദവി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എനിക്ക് അറിഞ്ഞാല്‍കൊള്ളാമെന്നും ഉണ്ട്..................

No comments:
Post a Comment