Wednesday, 22 October 2014

കളിയോര്‍മ്മകള്‍:- വി.പി.നാരായണന്‍ നമ്പൂതിരി



ഒരിക്കൽ എന്റെ നാട്ടിൽ ഒരു ക്ഷേത്രത്തിൽ കളി നിശ്ചയിച്ചു .സാധാരണ കളി നടക്കാത്ത ക്ഷേത്രമാണ് .പ്രഗൽഭന്മാരായ കലാകാരന്മാരെ ഏര്പ്പാട് ചെയ്തു. ബസ് സർവീസ് കുറവായ ആ സ്ഥലത്തേക്ക് അഞ്ച് ആറ് കിലൊമീറ്റർ നടന്നുപലരും കളി കാണാൻ എത്തി .നല്ല ഒരു സദസ്സ് .അണിയറയിൽ എത്തിനോക്കി .ഒരാള് ചുവന്ന താടിക്ക് ചുട്ടിക്കു കിടക്കുന്നു. മറ്റു പ്രമുഖരെ ആരെയും കാണാൻ ഇല്ല. അന്വേഷിച്ചപ്പോൾ ആണ് അറിയുന്നത്.(ഈ സ്ഥലം വേമ്ബനാട്ടു കായലിനോട് ചേർന്ന് രണ്ടു കിലോമീടർ അകലെയാണ്)കായലിനക്കരെ മറ്റൊരു കളി കഴിഞ്ഞു വള്ളത്തിൽ (തോണിയിൽ) ചുട്ടി യും തേപ്പും ഒന്നും കളയാതെയാണ് വേഷക്കാർ എത്തുക.കൂടെ മറ്റു കലാകാരന്മാരും.രാത്രി വളരെ വൈകി .ആരും എത്തിയില്ല .പ്രേക്ഷകർ ബഹളമായി .താല്ക്കാലിക ആശ്വാസമായി ആരുടെയോ ഒരു പൂതനാ മോക്ഷം .അതുകഴിഞ്ഞു .ആരും എത്തിയില്ല .ബഹളം കൂട്ടിയവരും ഉറക്ക ക്ഷീണത്തിൽ തളര്ന്നു . ചുരുക്കത്തിൽ പറഞ്ഞാൽ കളി നടന്നില്ല രാവിലെ ഒരു ബസ് കിട്ടും .ഒന്നൊന്നര കിലോമീറ്റർ .നടന്നാൽ .എല്ലാവരും അവിടെ എത്തിബസ്സിൽ കയറി .കളി കാണാൻ വന്നവരുടെ തിരക്കാണ് ബസ്സിലെ തിരക്കിനിടയിൽ ചില വിചിത്ര മനുഷ്യർ .മനയോലയും കരിയും ഒക്കെ അവിടവിടെ പടര്ന്ന മുഖവുമായി .കളിക്ക് വരേണ്ടിയിരുന്ന കളിക്കാരാണ് .സംഭവം ഇപ്രകാരം .ആദ്യ കളി കഴിയാൻ വളരെ വൈകി .അതുകഴിഞ്ഞ് വള്ളത്തിൽ ഇക്കരെ എത്തിയപ്പോൾ സമയം രണ്ടു മണി കഴിഞ്ഞു. കളിയുടെ ചുമതലക്കാരൻ വിവശനായി ഇടയ്ക്കിടയ്ക്ക് കായൽ തീരത്ത് പോയി നോക്കിയിരുന്നു. ഇവർ എത്തിയപ്പോൾ അദീഹം അറിയിച്ചു .കളിസ്ഥലത്തേക്ക് ചെന്നാൽ ദേഹോപദ്രവം ഉറപ്പ് .അതുകൊണ്ട് ആ കായൽ തീരത്ത് ഇരുട്ടിൽ രാത്രി കഴിച്ചുകൂട്ടി .അവിടെ ഇരുന്നു തന്നെ മുഖം തുടച്ചു .ഇരുട്ടത്ത് ആയതിനാൽ മുഖം തുടച്ചത്‌ നേരെയായില്ല അല്പം വികൃതമാവുകയും ചെയ്തു.

കാർക്കോടകനും തിരനോട്ടവും :- ഹരിഹരന്മണി രാമകൃഷ്ണന്‍



ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് 1979 സെപ്റ്റംബർ 29 ന് ഒരുകഥകളി നടത്തിയിരുന്നു ..നളചരിതം മൂന്നിൽ ബ്രഹ്മശ്രീ നെല്യോടുവാസുദേവൻ നമ്പൂതിരിയുടെ കാർക്കോടകൻ , ഒരു വലിയ സർപ്പം ഫണംവിരിച്ചാടുന്ന പ്രതീതിഉളവാക്കുന്ന തിരനോട്ടം ..ചപ്പുംചവറുമിട്ടു തീയിടാതെ , കാട്ടുതീയും വെന്തുനീറുന്നതുമെല്ലാം അഭിനയത്തിലൂടെമാത്രം ..ഈസമ്പ്രദായം പല സ്ഥലങ്ങളിലേക്കും വ്യാപിച്ചു ..ഉത്സവപ്പറമ്പുകളിലെ തീകൂട്ടലും മറ്റും ക്രമേണ അപ്രത്യക്ഷമായി ..ഈ രീതി ആദ്യമായിട്ടായിരുന്നോ എന്നറിയില്ല , അന്വേഷിച്ചുമില്ല ..ഇതുപറയാൻ കാരണം :എട്ടുപത്തുവർഷം മുമ്പ് ഒന്നുരണ്ടിടെത്ത് ഗോപിയാശാന്റെ പശുരാമൻ ഉണ്ടായി ..നോട്ടീസ്സിൽ " കലാമണ്ഡലം ഗോപിയാശാൻ ആദ്യമായി പരശുരാമന്റെ വേഷത്തിൽ അരങ്ങത്ത് " എന്ന തലക്കെട്ടും ..സംഘാടകർ പരസ്യത്തിനായി പ്രയോഗിച്ച വിദ്യ ! 1966 മാർച്ചിൽ വാഴപ്പള്ളിയിലെ കലാമണ്ഡലം ട്രൂപ്പുകളിക്ക് ഗോപിയാശാന്റെ പരശുരാമനായിരുന്നു ..ഒരു വ്യത്യാസംമാത്രം - അന്ന് യുവാവായിരുന്നു ..ഇതുപോലുള്ള തെറ്റായ പരസ്യപ്രചാരണം ഇന്ന് എല്ലാ രംഗത്തുമുണ്ട് .

Tuesday, 21 October 2014

കൗരവര്‍...........................

.
ദുര്യോധനന്‍
ദുശ്ശാസനന്‍
ദുശ്ശന്‍
ദുശാലന്‍
ദുര്‍മ്മുഖന്‍
വിവിംസതി
വികര്‍ണ്ണന്‍
ജലാസന്ധന്‍
സുലോചനന്‍
വിന്ദന്‍
അനുവിന്ദന്‍
ദുര്‍ദര്‍ശ്ശന്‍
സുവാഹു
ദുഷ് പ്രദര്‍ഷണന്‍
അംഗദന്‍
ദുര്‍മദന്‍
ദുഷ് പ്രദര്‍ശ്ശനന്‍
വിവിത്സു
വികടന്‍
ശമന്‍
ഉരന്നഭന്‍
പത്മനാഭന്‍
നന്ദന്‍
ഉപനന്ദകന്‍
സനപതി
സുശേഷണന്‍
കുന്ധോധരന്‍
മഹോദരന്‍
ചിത്രവാഹു
ചിത്രവര്‍മ്മന്‍
സുവര്‍മ്മന്‍
ദുര്‍വിരോചനന്‍
ആയോവാഹു
മഹാവാഹു
ചിത്രചാപന്‍
സുകുന്ദലന്‍
ഭീമവേഗന്‍
ഭീമവലന്‍
വലാകി
ഭീമവിക്രമന്‍
ഉഗ്രായുധന്‍
ഭീമരേരന്‍
കനകായു
ധ്രിധായുധന്‍
ധ്രിദവര്‍മ്മന്‍
ദ്രിധക്ഷ്ത്ര സോമകീര്‍ത്തി
അനാദരന്‍
ജരാസന്ധന്‍
ധ്രിതസന്ധന്‍
സത്യസന്ധന്‍
സഹസ്രവാഹന്‍
ഉഗ്രശ്രവസ്സ്
ഉഗ്രസേനന്‍
ക്ഷേമമൂര്‍ത്തി
അപരാജിതന്‍
പണ്ഡിതകന്‍
വിശാലാക്ഷന്‍
ദുര്‍ധരന്‍
ധ്രിതഹസ്തന്‍
സുഹസ്തന്‍
വതവേഗന്‍
സുവര്‍ചശന്‍
ആദിത്യകേതു
വാവാസിന്‍
നാഗദത്തന്‍
അന്വയന്‍
നിശന്കിന്‍
കുവാചി
ദണ്ഡി
ദണ്ഡദരന്‍
ധനുഗ്രഹന്‍
ഉഗ്രന്‍
ഭീമരഥന്‍
വീരന്‍
വീരബാഹു
ആലോലുപന്‍
അഭയന്‍
രൗദ്രകര്‍മ്മന്‍
ധ്രിതരഥന്‍
അനാദൃശ്യന്‍
കുന്തവേദന്‍
വിരാവി
ധ്രിഗലോചനന്‍
ധ്രിഹവാഹു
മഹാബാഹു
വ്യൂധോരു
കനകാംഗനന്‍
കുന്ദജന്‍
ചിത്രകന്‍
ദുര്‍മ്മഷര്‍ണ്ണന്‍
ദുഷ്കര്‍ണ്ണന്‍
കര്‍ണന്‍
ചിത്രന്‍
വിപചിത്രന്‍
ചിത്രാക്ഷന്‍
ചാരുചിത്ര
ചിത്രവര്‍ണ്ണന്‍
ദ്രിതവര്‍ണ്ണന്‍
സോമകീര്‍ത്തി
സുധാമന്‍
യുയുത്സു...............
ദുശ്ശളയും

ഗുരു ചെങ്ങന്നൂര്‍ രാമന്‍പിള്ള : പി.ജി.പുരുഷോത്തമന്‍ പിള്ള

മുക്കാല്‍ നൂറ്റാണ്ടുകാലം കെടാവിളക്കുപോലെ കളിയരങ്ങത്തു നിറഞ്ഞു നിന്ന മഹാനടന്‍ ആണു അന്തരിച്ച ഗുരു ചെങ്ങന്നൂര്‍ രാമന്‍പിള്ള. മറ്റൊരു നടനും അത്തരത്തില്‍ ഒരു ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും തോന്നുന്നില്ല. തൊണ്ണൂറാം വയസ്സിലും ആശാന്‍റെ കത്തി വേഷം സഹൃദയര്‍ക്ക് കണ്ണിനു കര്‍പ്പൂരം ആയിരുന്നു.
അസാധാരണമായ രംഗശ്രീ, കടുകട്ടിയായ താളപ്പിടിപ്പ്, മികച്ച രസവാസന, മനോഹരമായ കയ്യും മെയ്യും ഇതെല്ലാം ആശാന്‍റെ മുതല്‍കൂട്ടായിരുന്നു. തെക്കന്‍ ചിട്ടയില്‍ കലാശങ്ങള്‍ക്കോ, താളപ്പിടിപ്പിനോ ഒന്നും സ്ഥാനമില്ല എന്നൊരു വിമര്‍ശനം ചില കേന്ദ്രങ്ങളില്‍ നിന്ന് കേട്ടിട്ടുണ്ട്. ചെങ്ങന്നൂര്‍ രാമന്‍ പിള്ളയുടെ ആട്ടം കണ്ടിട്ടുള്ളവര്‍ ആരും അങ്ങിനെയൊരു വിമര്‍ശനം ഉന്നയിക്കുകയില്ല; തീര്‍ച്ച.
രാവണവിജയത്തില്‍ രാവണന്‍ കെട്ടിയാല്‍ ആശാന്‍ തനിക്കു താന്‍ പോര്-തന്റേടം എന്നും പറയാറുണ്ട്-ആടുന്ന കൂട്ടത്തില്‍ തപസ്സും ആടുമായിരുന്നു. ഉത്ഭാവത്തിലെ രാവണന്‍റെ തപസ്സാട്ടം ത്രിപുട വട്ടത്തിനോത്തും ഇത് ചെമ്പടയുo ആണെന്നൊരു വ്യത്യാസമേയുള്ളൂ. രണ്ടും ആശാന്‍ പ്രവര്‍ത്തിക്കുന്നത് കാണേണ്ടത് തന്നെ. അതുപോലെതന്നെയാണ് കല്യാണ സൌഗന്ധികത്തില്‍ ഹനുമാന്‍റെ തപസ്സും ആശാന്‍ ആടി കാണുന്നത്.
അതുപോലെതന്നെ പടപ്പുറപ്പാട്, കേകി തുടങ്ങി അഭ്യാസബലം അങ്ങേയറ്റം ആവശ്യമായ ഇനങ്ങളും ആശാന്‍ ആടി കാണുന്നതും പ്രത്യേകത തന്നെയാണ്. കമലദളം, അജഗര കബളിതം മുതലായ ഭാഗങ്ങളുടെ കഥയും അങ്ങിനെ തന്നെ.
കൈലാസോദ്ധാഹരണവും പാര്‍വ്വതീ വിരഹവും ആശാന്‍ ആടുന്നത് വായനക്കാര്‍ കണ്ടിട്ടുണ്ടല്ലോ. തോഴികളുമായി ഉല്ലാസമായി കുളിച്ചുകൊണ്ടിരിക്കുന്ന പാര്‍വ്വതി നാരദന്റെ വാക്കുകേട്ട് കൈലാസത്തിലേക്ക് കുതിച്ചുപായുന്ന വഴിക്ക് താഴെ വീണു പിടയുന്ന സുബ്രഹ്മണ്യനെയും ഗണപതിയെയും കണ്ടു കൊപാക്രാന്തയായി പരമേശ്വര സന്നിധിയിലെത്തുമ്പോള്‍ മുഖത്ത് സ്ഫുരിക്കുന്ന ഈര്‍ഷ്യ, അസൂയ, കോപം, കാലുഷ്യം തുടങ്ങിയ ഈഷദ് ഭിന്നഭാവങ്ങള്‍ ഇത്ര ചേതോഹരമാണ്.
വേഷപ്രശ്ചന്നര്‍ ആയി എത്തിയ കൃഷ്ണനെ തിരിച്ചറിയുമ്പോള്‍ ജരാസന്ധന്റെ മുഖത്തും അഹല്യാ ജാരാ എന്ന് ഇന്ദ്രനെ സംബോധന ചെയ്തു സൂചിത കഥയാടുന്ന നരകാസുരന്റെ മുഖത്തും കാണുന്ന ഹാസം, രാവണവിജയത്തില്‍ രാവണന്‍റെ മുഖത്ത് തുളുമ്പുന്ന ശൃംഗാരം, കീചകന്റെ വിടത്വം, ദുര്യോധനന്റെ ഉദ്ധതമായ വീരം ഇതൊക്കെ ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെ മുഖത്തു തന്നെ കാണണം.
ചെങ്ങന്നൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ചെവിയില്‍ മുഴങ്ങുന്നത് ആശാന്‍റെ അലര്‍ച്ച, ആ നീളവും, ആ ദീര്‍ഘവും, ആ രസസ്ഫുരണവും, ആ ശ്രുതിമാറ്റവും മറ്റാര്‍ക്കും ഇല്ല. ആശാന്‍റെ ശിഷ്യന്മാര്‍ക്കുപോലും ആ അലര്‍ച്ച കിട്ടിയിട്ടില്ല............(1981)..........

വെള്ളിനേഴി നാണുനായര്‍ ആശാന്‍റെ ചിത്രങ്ങള്‍

യശ: വെള്ളിനേഴി നാണുനായര്‍ ആശാന്‍റെ ചിത്രങ്ങള്‍. രണ്ടാം ചിത്രം അദ്ദേഹം കേന്ദ്ര സംഗീത് നാടക് അക്കാദമി അവാര്‍ഡ് സ്വീകരിച്ച ശേഷം.............

ഒരു തീരാനഷ്ടം : - ഹരിഹരന്മണി രാമകൃഷ്ണന്‍

 കഥകളി വഴിപാടിനു പേരുകേട്ട തിരുവല്ലാ ശ്രീവല്ലഭക്ഷേത്രത്തിൽ 45-46 വർഷംമുമ്പ് പാലിയക്കര കൊട്ടാരം വക കഥകളി - സമ്പൂർണ്ണഭാരതം - .കേരളത്തിലെ പ്രശസ്ത കലാകാരന്മാരെല്ലാമുണ്ട്..രാത്രി ഒമ്പതിനുമുമ്പ് ഞാനും എന്റെ സ്നേഹിതൻ മുണ്ടേരില്ലത്ത് വിഷ്ണുനമ്പൂതിരിയും സൈക്കിളിൽ പുറപ്പെട്ടു ..ക്ഷേത്രത്തിന് ഒരുകിലോമീറ്റർ മുമ്പു വച്ച്, ആളുകൾ ചൂട്ടുംവീശി തിരിച്ചുപോകുന്നു ; അവർതമ്മിൽ ചില അടക്കം പറച്ചിലുകളും ..എന്തോ ഒരു പന്തികേടു തോന്നി .അന്വേഷിച്ചപ്പോൾ , ഒരു കൊലപാതകം നടന്നു , കളി മുടങ്ങിയെന്നറിഞ്ഞു..ഞങ്ങൾ ക്ഷേത്രത്തിനു മുമ്പിലെത്തി ..ഗോപുരത്തോടുചേർന്ന് വഴിപാടുകളി നടത്തുന്ന പന്തലിലായിരുന്നു സംഭവം .മൃതദേഹം മാറ്റിക്കഴിഞ്ഞു : ജനപ്രളയം! വാച്ചർ ഒരു ക്ഷേത്രസമിതിയംഗത്തെ നടയിൽ വച്ചുകുത്തി..അയാൾ അവിടെവീണുമരിച്ചു..പത്തുമണിയോടെ വാച്ചറേയും ശ്രീകാര്യക്കാരേയും (ക്ഷേത്ര ഭരണാധികാരി) അറസ്റ്റ് ചെയ്തുകൊണ്ടുപോയി ..അരമണിക്കുർ കഴിഞ്ഞപ്പോഴേക്കും ജനം പിരിഞ്ഞു : ആകെ മൂകത ....................ഞങ്ങൾ കൊട്ടാരത്തിലെത്തി ..പന്തലിൽ ആശാന്മാരെല്ലാമുണ്ട്..ബാക്കിയുള്ളവർ പന്തലിന്റെ മറ്റൊരു ഭാഗത്തും .ഞങ്ങൾ അഭിവാദ്യം ചെയ്തു ..അടുത്തിരുത്തി , വിവരങ്ങളാരാഞ്ഞു ..സന്ധ്യക്കുനടന്ന സംഭവമായതുകൊണ്ട് അവരാരും ക്ഷേത്രത്തിൽ പോയിരുന്നില്ല .കളി മുടങ്ങിയതിലുള്ള വിഷമംമൂലം ആർക്കും ഉറക്കംവരുന്നില്ല : സംസാരിച്ചുകൊണ്ടിരുന്നു ..വെളുപ്പിനു നാലുമണിയോടെ യാത്രപറഞ്ഞിറങ്ങി ..ഇന്നും ആ തീരാനഷ്ടം മറക്കാനാവാതെ മനസ്സിൽ അവശേഷിക്കുന്നു .


കുണ്ഡിനത്തിലേക്ക് ഒരു യാത്ര :- കമല മേനോന്‍


ആ മഹാനുഭാവന്റെ വാക്കുകൾകൊണ്ടു തന്നെ വേണം തുടങ്ങാൻ...... അതൊരു നിയോഗം ആയിരുന്നു! ഓർമ്മകൾ എത്ര പുറകോട്ടു പോയാലും അത്രയും പുറകിൽ ആ ദമയന്തിയെ കാണാം. തിരശ്ശീല നീങ്ങുമ്പോൾ " മന്നിൽ ഈവണ്ണം ഉണ്ടോ മധുരത രൂപത്തിന്" എന്ന ആശ്ചര്യം മാത്രം ആയിരുന്നു ആദ്യം. പിന്നീട് പലപ്പോഴായി ആ ഭാവങ്ങൾ മനസ്സിൽ തീർക്കുന്ന സംവേദനതലങ്ങൾ വാക്കുകൾക്ക് അതീതമായി നിലകൊള്ളുന്നു എന്നറിഞ്ഞുതുടങ്ങി. അരങ്ങിലെ കാഴ്ചകൾക്കപ്പുറത്തേക്ക് മനസ്സു കടന്നുചെല്ലുവാനും ലേഖനങ്ങളിലൂടെയും വാർത്തകളിലൂടെയും ആ മഹാനടനെ കൂടുതൽ അറിയുവാനും തുടങ്ങിയതോടെ "കുണ്ഡിനപുരി" എന്നപോലെ "കാറൽമണ്ണ" എന്ന ദേശവും തീവ്രമായ ആവേശമുണർത്തുന്ന ഒരു പ്രതീകമായി മാറി. എങ്കിലും ഒരിക്കലെങ്കിലും ആ ദേശത്ത് എത്തുവാനോ "വാരിയത്തു പള്ളിയാലിൽ" വീടിന്റെ പടികൾ ഇറങ്ങിച്ചെന്ന് ആ പാദങ്ങളിൽ നമസ്കരിക്കുവാനോ സാധിക്കുമെന്നു സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല. "നിയോഗം" എന്നല്ലാതെ എനിക്കു കൈവന്ന ഭാഗ്യത്തിനു മറ്റൊരു വാക്കു പറയാൻ എനിക്കറിയില്ല!
അക്ഷരം കൂട്ടിവായിക്കാൻ പഠിപ്പിച്ച ഗുരുനാഥനിൽനിന്നു നളചരിതത്തിലെ നല്ല നല്ല പദങ്ങൾ വളരെ കുട്ടിക്കാലത്തേ പരിചയിക്കാൻ ഉള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. ആ വാത്സല്യത്തോടൊപ്പം മനസ്സിൽ നിറഞ്ഞ നളചരിതം ഇന്നും അതേ ജിജ്ഞാസ ഉണർത്തുന്നു. ഓരോ തവണ വായിക്കുമ്പോഴും ആടി ക്കാണുമ്പോഴും പലതും അവ്യക്തമായി തോന്നുന്നുവല്ലോ എന്നൊരു അസ്വസ്ഥത മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. പല അന്വേഷണങ്ങളും തൃപ്തികരമായി പര്യവസാനിക്കാതെ വന്നപ്പോഴാണ് ദമയന്തിയായി അരങ്ങിൽ ജീവിക്കുന്ന മഹാനടനോടു നേരിട്ടുചോദിച്ചു മനസ്സിലാക്കാം എന്നൊരു ചിന്ത കടന്നുവന്നത്. സാഹസം എന്നുതന്നെ പറയാം, മനസ്സിൽ അടിഞ്ഞുകൂടിയിരുന്ന സംശയങ്ങൾ എല്ലാം ഒരു കടലാസ്സിൽ പകർത്തി "ശ്രീ കോട്ടക്കൽ ശിവരാമൻ, കാറൽമണ്ണ" എന്നു മേൽവിലാസവും എഴുതി അയച്ചു. കുറേനാളേക്കു മറുപടി ഒന്നും കാണാതെവന്നപ്പോൾ വലിയ നിരാശ തോന്നി. സുഖമില്ലാതിരിക്കുമ്പോൾ ബുദ്ധിമുട്ടിച്ചതിനു സ്വയം നിന്ദിക്കുകയും ചെയ്തു.
തീരെ പ്രതീക്ഷിക്കാത്ത ഒരു സന്ധ്യാസമയത്താണ് ശ്രീ കോട്ടക്കൽ ശിവരാമന്റെ മകൾ ശ്രീമതി അമ്പിളി എന്നെ വിളിച്ചത്. അന്ന് കർക്കിടകമാസത്തിൽ ചോതി നക്ഷത്രം- ശ്രീ ശിവരാമന്റെ പിറന്നാൾ- ആയിരുന്നു. സംസാരിക്കാൻ വാക്കുകൾ കിട്ടാതെ ഞാൻ വിഷമിച്ചുപോയി എന്നും അദ്ദേഹത്തെ കാണാൻ ഞാൻ കാറൽമണ്ണയിൽ ചെല്ലാം എന്നു പറഞ്ഞതും മാത്രമേ ഇപ്പോൾ ഓർമയുള്ളൂ. അക്രൂരൻ അമ്പാടിയിലേക്ക് എന്നപോലെയോ കുചേലൻ ദ്വാരകയിലേക്ക് എന്നപോലെയോ - ഒരു ചിരകാലമോഹം സഫലമാകാൻ പോകുന്നു എന്നു മാത്രം മനസ്സിലായി.
2008 ഒക്ടോബർ 4 ആം തീയതി രാവിലെ അദ്ദേഹത്തെ കാണാൻ പുറപെട്ടു. കാർ ഷൊർണൂർ വിട്ടപ്പോൾ മുതൽ മനസ്സിൽ ആശങ്കകൾ നിറഞ്ഞുതുടങ്ങി. ആ മഹാനടന്റെ മുമ്പിൽ എങ്ങനെ കടന്നു ചെല്ലും, എന്തു പറഞ്ഞു തുടങ്ങും എന്നിങ്ങനെ മനസ്സു ചഞ്ചലമായിക്കൊണ്ടിരുന്നു. കാറൽമണ്ണ എത്തിയപ്പോഴേക്കും തിരിച്ചുപോയാലോ എന്നുപോലും തോന്നി. അദ്ദേഹത്തിന്റെ വീടിനടുത്തു വണ്ടിയിറങ്ങി ആ പാദസ്പർശത്താൽ ധന്യമായ വഴിയിലൂടെ നടന്നപ്പോൾ എല്ലാ സന്ദേഹങ്ങളും അസ്ഥാനത്താണെന്നു തോന്നിത്തുടങ്ങി. "ശിവരാമണീയം" ചിത്രപ്രദർശനത്തിൽ കണ്ടു മനസ്സിൽ പതിഞ്ഞ ദൃശ്യങ്ങൾ നേരിൽ കണ്ടപ്പോൾ മനസ്സിൽ നിറഞ്ഞതു ചാരിതാർത്ഥ്യം ആയിരുന്നു. പ്രതീക്ഷിച്ചതുപോലെതന്നെ " ഭവാനീ, അവരു വന്നു" എന്നു വിളിച്ചുപറയുന്നതു കേട്ടുകൊണ്ടു പൂമുഖത്തേക്കു കടന്നുചെന്ന് ആ പാദങ്ങളിൽ നമസ്കരിച്ചപ്പോൾ എന്റെ നിയോഗം പൂർത്തിയായി എന്നും മനസ്സിലായി.
ഒരിക്കൽ ചെന്നാൽ വീണ്ടും വീണ്ടും ചെല്ലാൻ പ്രേരിപ്പിക്കുന്ന ഒരു വശ്യത ആ വീട്ടിൽ അനുഭവപ്പെട്ടു. ചോദ്യങ്ങൾ എല്ലാം വീണ്ടും എഴുതിക്കൊണ്ടുപോയിരുന്നു. ഉത്തരങ്ങൾ എഴുതിയെടുക്കാൻ പുസ്തകവും പേനയും എല്ലാം ആയി തയ്യാറായി ഇരുന്നെങ്കിലും ഒന്നും സാധിച്ചില്ല. ഞാൻ അയച്ച എഴുത്ത് സൂക്ഷിച്ചു വച്ചിരുന്നു അദ്ദേഹം. അതെടുത്തുവച്ചു വായിച്ചുകൊണ്ട് എന്റെ ഓരോ ചോദ്യത്തിനും സ്വതസിദ്ധമായശൈലിയിൽ സംശയനിവാരണം നടത്തുമ്പോൾ എനിക്കു കേട്ടിരിക്കാനേ തോന്നിയുള്ളൂ. അരനൂറ്റാണ്ടുകാലത്തെ അരങ്ങിലെയും വായനയിലേയും അനുഭവസമ്പത്ത് വാക്കുകളായി അനുസ്യൂതം പ്രവഹിക്കുമ്പോൾ എല്ലാം മറന്നു വെറുതെ കേട്ടിരുന്നു. സമയം പോയത് അറിഞ്ഞതും ഇല്ല.
ഒന്നാം ദിവസത്തിലെ ദമയന്തിയെക്കുറിച്ചു വ്യക്തമായി അറിയാൻ വേണ്ടി തലയോലപ്പറമ്പിലെ വായനശാലയിൽ നിന്നു നൈഷധം ചമ്പു എടുത്തു വായിച്ചതും കൌമാരം വിടാത്ത ദമയന്തിയുടെ മനസ്സ് എങ്ങനെ എന്നു മനസ്സിലാക്കിയതും പറഞ്ഞത് ഓർമയുണ്ട്. ഹംസത്തിനെ കാണുന്ന സമയത്ത് ദമയന്തിക്ക് പതിമൂന്നുവയസ്സേ ഉള്ളൂ എന്നും ആ ഒരു ധാരണയോടെ ആണ് ഒന്നാം ദിവസം ദമയന്തിയെ അവതരിപ്പിക്കാറുള്ളത് എന്നും പറഞ്ഞു.
നാലാം ദിവസത്തിലെ ദമയന്തിയെപ്പറ്റിയും ഒരുപാടുനേരം സംസാരിച്ചു. പുരുഷന്മാർക്കു തുല്യമായ സ്ഥാനം സ്ത്രീകൾക്ക് നല്കാൻ മടിക്കുന്ന പഴയ സാമൂഹിക അന്തരീക്ഷം കണക്കിലെടുത്താണ് അദ്ദേഹം പലതും വ്യാഖ്യാനിച്ചത്. ബാഹുകൻ ഇരുന്നുകൊണ്ട് ദമയന്തി പ്രവേശിക്കുന്നതു തന്നെ ആണ് ശരി എന്ന അഭിപ്രായം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.
മനസ്സു നിറയുന്നതു വരെ ആ വാഗ്ധോരണിയിൽ മുഴുകി ഇരിക്കാനും അറിവിന്റെ മഹാസാഗരത്തിൽ നിന്നു ഏതാനും തുള്ളികൾ നെറുകയിൽ ധരിക്കാനും കഴിഞ്ഞതിന്റെ ധന്യതയോടെ വീണ്ടും വീണ്ടും ആ പാദങ്ങളിൽ ശതകോടിപ്രണാമങ്ങൾ.

വേദാദിപാഠം ചെയ്തത് :- ഹരിഹരന്മണി രാമകൃഷ്ണന്‍


കുചേലവൃത്തത്തിൽ , ശ്രീകൃഷ്ണൻ കുചേലനോട് : "വേദാദിപാO0 ചെയ്തതധുനാ വിസ്മൃതമായോ ? " . ഇതു രണ്ടു വിധത്തിൽ ആടിക്കാണാറുണ്ട് . അന്ന് ഗുരു ആഭ്യസിപ്പിച്ച പാOങ്ങളൊക്കെ മറന്നോ ? അതെല്ലാം ഓർക്കുന്നില്ലേ ? ഇവിടെ വാച്ച്യാർത്ഥത്തിനു പ്രാധാന്യം നൽകുന്നു . എന്നാൽ ഗുരുകുലസമ്പ്രദായകാലത്ത് ആചാര്യന്റെ പാOങ്ങൾ മനസ്സിലെ കമ്പ്യുട്ടറിൽ സേവ് ചെയ്തിട്ടാൽ , പിന്നെ ശാശ്വതമാണ് . അന്ന് വൈറസ്ബാധ വളരെ വിരളം . ,.....................ഗുരുവിന്റെ ആശ്രമത്തിലെ പOന"കാലം" മറന്നോ ? എന്നാടുന്നതാണ് മറ്റൊരു രീതി . ഇവിടെ ലാക്ഷണികാർത്ഥത്തിനാണ് പ്രാധാന്യം . അടുത്ത ചരണങ്ങൾ ഈ അർത്ഥത്തിന് ഊന്നൽ നൽകുന്നവയാണ് - ഗുരുപത്നിയുടെ നിയോഗത്താൽ വിറകുശേഖരിക്കുവാൻ പോയതുംമറ്റും . ഈ രീതിയാണ് കൂടുത്തൽ യുക്തമെന്ന് ഞാൻ കരുതുന്നു
Like

Monday, 20 October 2014

മനയോലപ്പാടുകൾ :- പീ.വി.ശ്രീവത്സൻ............. അരങ്ങ്‌ -1


കർക്കടകത്തിലെ കറുത്ത മേഘങ്ങളുടെ തിരനോട്ടം ,പട്ടിണിയുടേയും ദാരിദ്ര്യത്തിന്റേയും കളിപ്പെട്ടികൾ.ചന്നമ്പിന്നം പെയ്യുന്ന മഴ.മഴത്തുള്ളികളുടെ മേളപ്പദം
അങ്ങോട്ടുമിങ്ങോട്ടും നാലഞ്ചു നാഴിക വീതം നടന്നു ദിവസേന വെള്ളിനേഴി എലിമന്ററി സ്ക്കൂളിലേക്ക്‌. പഠിക്കാൻ മിടുക്കൻ.ഏറ്റവും അടുത്ത ഒരു ചങ്ങാതിയുടെ കൂടെ വന്നു സ്ക്കൂളിൽ ചേർന്നു. അച്ഛനോ അമ്മയോ മറ്റു വേണ്ടപ്പെട്ടവർ ആരുമില്ലാതെ സ്ക്കൂളിൽ ചേർന്നു വന്നതിനുശേഷം മാത്രമേ വീട്ടിൽ വിവരമറിഞ്ഞതുള്ളു.ഒരു പന്ത്രണ്ടു വയസ്സുകാരന്റെ വികൃതി.
പഠിപ്പിലെന്നപോലെ ചിത്രം വരക്കാനും ബഹുമിടുക്കൻ. ഉച്ചയൊഴിവിൽ കൂട്ടുകാർക്ക്‌ ,തന്റെ ബാലഭാവനയിൽ തെളിഞ്ഞ ചിത്രങ്ങൾ വരച്ചുകൊടുത്തു. തുവർത്തുമുണ്ടു മുറുക്കിയുടുത്തു അകറ്റാൻ ശീലിച്ച ഉച്ചവിശപ്പ്‌.!
ചിലപ്പോൾ ഒന്നോ രണ്ടോ ഉരുള ചോറ്‌, മോരു കൂട്ടിയുടച്ചതു. ചില കൂട്ടുകാരിൽ നിന്ന്‌, തട്ടിയും മുട്ടിയും സന്തോഷമായി നീങ്ങിയ നാളുകൾ .രണ്ടുമൂന്നു വർഷം.
അതിനിടയ്ക്ക്‌ അപ്രതീക്ഷിതമായി ആ ആറാംൿളാസ്സുകാരന്റെ (അന്നത്തെ ഫസ്റ്റ്‌ ഫോറം. നാലാം തരത്തിലായിരുന്നു സ്ക്കൂളിൽ ചേർത്തത്‌‍ാമനസ്സിൽ മറ്റു ചില ചിത്രങ്ങൾ വരച്ചുതുടങ്ങിയ കാലം. കഥകളിയുടെ വർണ്ണചിത്രങ്ങൾ. !കൈമുദ്രകളിലൂടെ ,കലാശങ്ങളിലൂടെ, ഭാവങ്ങളിലൂടെ വിരിയിച്ചെടുക്കാൻ കൊതിച്ച ചിത്രങ്ങൾ. അരങ്ങത്തെ ചിത്രങ്ങൾ.
സ്ക്കൂൾ വിട്ടുപോരുമ്പോൾ കാന്തള്ളൂരമ്പലത്തിന്റെ തൊട്ടടുത്തുള്ള ഒരു പഴയ മഠത്തിന്റെ ഉമ്മറത്തു ചെന്നു നിന്നു. അതൊരു പതിവായി. അവിടെനിന്നുയർന്ന ചെണ്ടയുടേയും, മദ്ദളത്തിന്റേയും, ചേങ്ങിലയുടെയും നാദവിസ്മയങ്ങളിൽ ഭ്രമിച്ചു വശായി. അമ്പലമുറ്റത്തുള്ള അരയാലിലകളിൽ പോലും കഥകളിയുടെ കലാശച്ചുവടുകൾ നൃത്തം വെക്കുന്നതു നോക്കി നിന്ന ബാല്യകൗതുകം. അവിടെ ചേക്കേറിയ കുരുവികൾ. ഇളംകാറ്റിലെ ഇടക്കലാശങ്ങൾ.
ആ കളരിയിലെ ഗുരുവായി അബോധമനസ്സിൽ ഒരടുപ്പത്തിന്റെ തളിരില പൊട്ടിക്കിളിർത്തു. മെല്ലെ മെല്ലെ .ദിവസേനയെന്നോണം കളരിമുറ്റത്തു വന്നുനിന്ന ആ കുട്ടിയോടും ഏതാണ്ടതേ തരത്തിലൂള്ള ഒരടുപ്പം ആ ഗുരുവിന്റെയുള്ളിലും നാമ്പിട്ടു.
മുജ്ജന്മത്തിലെ ഏതോ സുകൃതം പോലെ!
വീതി കുറഞ്ഞ വരമ്പുകളും കുണ്ടനിടവഴികളും കയറ്റിറക്കങ്ങളും കടന്നു വേണ്ടിയിരുന്നു സ്ക്കൂളീലെത്താൻ. മാത്രമല്ല ,വഴിക്കൊരു ചെറിയ തോടു കടക്കണം. തെങ്ങിൻ തടി കൊണ്ടുള്ള പാലം മഴക്കാലത്തു തൂതപ്പുഴയിലേക്കു കുത്തിയൊലിച്ചു.ആ പാലം കടക്കാൻ നല്ല പരിചയം വേണം കാറും കോളും നിറഞ്ഞ വൈകുന്നേരങ്ങളിൽ മകൻ സ്ക്കൂൾ വിട്ടുവരുന്നതു കാത്തു ഒരമ്മ ആ തോട്ടുവക്കത്ത്‌ ആധി പൂണ്ട്‌ കാത്തുനിന്നു. ആ അമ്മയുടെ മൂത്ത മകൻ മദിരാശിയിലേക്കു നാടു വിട്ടുപോയതാണ്‌. രണ്ടാമത്തെ മകനേക്കാൾ പത്തുപന്ത്രണ്ടു വയസ്സു മൂത്തവൻ. അതുകൊണ്ട്‌ ഇളയകുട്ടിയോട്‌ ഇരട്ടി സ്നേഹമാണ്‌`. സമയമേറെക്കഴിഞ്ഞിട്ടും മകനെ കാണാനില്ല. പേടിയും പരിഭ്രമവും .താളും തകരയും കൊണ്ടുള്ള മെഴുക്കിപുരട്ടിയും മുളകു വറുത്ത പുളിയും. ഇനി അരി വാർക്കുകയേ വേണ്ടു. മകനേയും അന്വേഷിച്ചു ഇടവഴികളിലൂടേയും ഒറ്റയടിപ്പാതയിലൂടേയും ആ അമ്മ നടന്നു .കാണുന്നവരോടെല്ലാം ചോദിച്ചു.
'എവടെ.........എവടേന്റെ കുഞ്ചു..? നേരന്ത്യായീലോ...ഇനീം കുഞ്ചു വന്നിട്ടില്യാലോ...ന്റെ തിരുമുല്ലപ്പള്ളി തേവരേ ...........ആരെങ്കിലും കണ്ട്വോ കുഞ്ചൂനെ.............ന്റെ കുഞ്ചൂനെങ്ങാനും കാണാണ്ടായോ?
ആധി പൂണ്ട ആ അന്വേഷണത്തിന്റെ ഏതോ ഒരിടവഴിയിലെത്തുമ്പോൾ അതാ വരുന്നു കുഞ്ചു!
കീറിയ ഒരോലക്കുട പിടിച്ചു തുള്ളിക്കു മാറി ഏതെല്ലാമോ മനോരാജ്യത്തിൽ മുഴുകി പതുക്കെ ധൃതിയൊട്ടുമില്ലാതെ നടന്നുവരുന്നു കുഞ്ചു.
അടുത്തെത്തിയപ്പോൾ മാറോടടുക്കിപ്പിടിച്ചു. മഴയുടെ ഇളം മന്ദഹാസം അവരെ പൊതിഞ്ഞു.
അമ്മ ചോദിച്ചു
'എന്താ ...എന്താന്റെ കുട്ടീ..നീയ്യിങ്ങനെ?എത്ര പേടിച്ചൂന്നോ അമ്മ. എവിടെയായിരുന്നു നീയിതു വരെ?എന്താ നിന്റെ വിചാരം?നെണക്കു മാത്രം ന്താ ത്ര താമസം സ്ക്കൂളിൽ നിന്നു വരാൻ?
അപ്പോൾ, കുഞ്ചുവിന്റെ കണ്ണുകളിൽ"പുറപ്പാടീലെ "കൃഷ്ണന്റെ പീലിത്തിരുമുടിയിലെ മയിൽപ്പീലികൾ നൃത്തം വെച്ചു.
അമ്മയെ സമാധാനിപ്പിച്ചു
"ഞാൻ ....ഞാനേയ്‌ കാന്തള്ളൂരമ്പലത്തിന്റെ യടുത്ത്‌ ഒരു വീടില്ല്യേ?അതിന്റെ മുറ്റത്ത്‌ ത്തിരി നേരം നിന്നു. കഥകളിക്കു അവിടേത്രെ അണിയറ പതിവ്‌. പിന്നെ മഴ. ..അതു വകവെച്ചില്ല.അവടങ്ങനെ നിക്കാൻ നല്ല രസാണമ്മെ"
നിഷ്ക്കളങ്കത തിളങ്ങിയ മിഴികൾ.നടക്കുമ്പോൾ ,ഒരു കുടക്കീഴിൽ , അമ്മയോടു പിന്നേയും പിന്നേയും പറഞ്ഞു
അവിടെ കളി പഠിപ്പിക്കുന്നുണ്ട്‌. അതു കണ്ടു നിക്ക്വാർന്ന്‌. ചെലപ്പോളൊക്കെ ഞാനവിടെ പോകാറുണ്ട്‌. അമ്മേ എനിക്കും കഥകളി പഠിക്കണം. അതു പഠിപ്പിക്കുന്ന ആളെ ഞാൻ നല്ലോണറിയും. ഞാൻ പറഞ്ഞാൽ പഠിപ്പിക്കാതിരിക്കില്ല. എനിക്കുറപ്പാണ്‌.
'എന്താ കുഞ്ചൂ നീയ്യ്‌ പറയണത്‌?
ആരാണ്‌ നിന്നെ കളി പഠിപ്പിക്വാ? അതൊക്കെ ചെലവല്ലേ?
ആരാണ്‌ സഹായിക്കാനുള്ളത്‌?വെറുതങ്ങ്‌ട്‌ പറഞ്ഞൂ.... ആഗ്രഹിച്ചോണ്ടൊന്നും ആരും പഠിപ്പിക്കില്ല. '
കുഞ്ചുവിനേയും കൂട്ടി വേഗം നടന്നു വീട്ടിലേക്ക്‌........

രൌദ്രശ്രീ കലാമണ്ഡലം കേശവദേവ്‌: നസീര്‍ അച്ചിപ്ര



കെ.പി.എസ്.മേനോന്‍ കഥകളി രംഗത്തില്‍ എഴുതിയപോലെ സൗന്ദര്യവും കൂറ്റത്തവുമുള്ള ഈ താടി വളാഞ്ചേരി സ്വദേശിയാണ്. 1947 ജനുവരി ഒന്നിനു ജനിച്ച ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കഥകളി അഭ്യസിക്കുന്നതിനായി കലാമണ്ഡലത്തില്‍ ചേര്‍ന്നു. കലാമണ്ഡലം ഗോപിയാശാന്‍റെ കളരിയില്‍ ആദ്യ നാലുവര്‍ഷം അഭ്യസിച്ചു. തുടര്‍ന്ന് കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാനും കേശവദേവിനെ അഭ്യസിപ്പിച്ചു. കലാമണ്ഡലം എം.പി.എസ്.നമ്പൂതിരി സഹപാഠി ആയിരുന്നു. സുഭദ്രാഹരണത്തില്‍ കൃഷ്ണനായി അരങ്ങേറിയ കേശവദേവിന്‍റെ ആദ്യ താടിവേഷം ബകന്‍ ആയിരുന്നു. കലാമണ്ഡലത്തിലെ സാഹിത്യ അദ്ധ്യാപകന്‍ കുമ്മിണി നമ്പുതിരിപ്പാടിന്റെ പ്രോത്സാഹനത്തില്‍ ആണു ഇദ്ദേഹം താടിവേഷം കെട്ടാന്‍ ആരംഭിച്ചത്. 1966 ല്‍ എഫ്.എ.സി.ടി യിൽ ജോലിയിൽ പ്രവേശിച്ചു.
രസികത്വം ആണു ഇദ്ദേഹത്തിന്‍റെ വേഷങ്ങളുടെ കാതല്‍. നിറഞ്ഞ ശരീരവും വേഷവും. ഇന്നുള്ളതില്‍ ഏറ്റവും ഭീകരത്വമുള്ള താടിവേഷം. ദുശാസനന്‍, തിഗര്‍ത്തന്‍, ബാലി, കലി എന്നിവ പ്രധാന വേഷങ്ങള്‍ ആണ്. ഒരു കാലഘട്ടത്തില്‍ ഏറ്റവും ആസ്വാദക പ്രീതിയുള്ള താടിവേഷം ഇദ്ദേഹത്തിന്‍റെ ആയിരുന്നു. ആദ്യകാലത്ത് സ്ത്രീവേഷവും ഇടയ്ക്കു കര്‍ണനും ഇദ്ദേഹം കെട്ടിയിട്ടുണ്ട്. ഫാക്റ്റ് കഥകളി സംഘത്തോടൊപ്പം നിരവധി വിദേശ രാജ്യങ്ങളില്‍ താടിവേഷം അവതരിപ്പിച്ചിട്ടുണ്ട്.

ബ്രഹ്മശ്രീ മാങ്കുളം വിഷ്ണു നമ്പൂതിരി: ഹരിഹരന്‍മണി രാമകൃഷ്ണന്‍

സമസ്ത കേരള കഥകളി വിദ്യാലയം ;-.

കായംകുളത്തിനടുത്ത് കീരിക്കാട് ഒരു കഥകളിക്കളരിയും , ക്ലബ്ബും , ട്രൂപ്പും രണ്ടു ദശാബ്ദക്കാലത്തോളം നല്ല നിലയിൽ പ്രവർത്തിച്ചു പോന്നിരുന്നു ..അതിന്റെ സ്ഥാപകൻ ബ്രഹ്മശ്രീ മാങ്കുളം വിഷ്ണുനമ്പൂതിരി അവർകളായിരുന്നു ..അദ്ദേഹത്തിൻറെയില്ലത്ത് ഒരുനെടുമ്പുര സ്ഥാപിച്ച് അവിടെയാണ് മാസക്കളി ..തിരുവിതാംകൂറിലെ ഒട്ടുമിക്ക കലാകാന്മാരും ക്ലബ്ബിലെ അംഗങ്ങളായിരുന്നു ..ധാരാളം കഥകളി ആസ്വാദകർ അതിൽ അംഗങ്ങളായി ചേർന്നു...
ഞാൻ 1962മുതൽമൂന്നുനാലുവർഷംഅംഗമായിത്തുടർന്നു...പുലരുംവരെയാണ് കളി ..ദൂരെ നിന്നു വരുന്നവർക്കെല്ലാം രാത്രി ഭക്ഷണവുമുണ്ട്............................കോട്ടക്കലാശാന്മാരുടെ കാലകേയവധം ..കലാകാരന്മാരുടെ നിർബ്ബത്തിനുവഴങ്ങി തിരുമേനി മാതലി കെട്ടി ..മാതലിയുടെ വർണ്ണന കാളിദാസകൃതിയെ അനുസ്മരിക്കുന്നതായിരുന്നു സംസ്കൃതത്തിലും സാഹിത്യത്തിലും നല്ല പാണ്ഡിത്യം , നർമ്മം നിറഞ്ഞ സംഭാഷണം ഇവ എടുത്തുപറയേണ്ട ഗുണങ്ങളായിരുന്നു ..1960 ൽ വാഴപ്പള്ളിയിൽ കൈരളി ലൈബ്രറിയുടെ ധനശേഖരാർത്ഥം നടത്തിയ കഥകളിയിൽ അദ്ദേഹം "ഹംസം" കെട്ടുകയുണ്ടായി .സാധാരണയായി ഹംസം കെട്ടുകപതിവില്ല . കാരണം , നളനാണ് ഇഷ്ടവേഷം .. 1964 ൽ N S S ന്റെ കനകജൂബിലിക്ക് ശ്രീ മാങ്കുളം രണ്ടിലെ നളൻ , ശ്രീ കലാ: രാമൻകുട്ടിനായർ പുഷ്ക്കരൻ ..സന്ധ്യക്കുമുമ്പ് എന്റെ സ്നേഹിതൻ മാങ്കുളത്തോട് " നിങ്ങൾ തമ്മിൽ കൂടീട്ടുണ്ടോ " . ഉ:" ഇല്ല " . സ്നേഹി: " എങ്ങിനെയായിരിക്കും " . ഉ: " ചൂതിനു വിളിക്കേണ്ടിയിരുന്നില്ല എന്ന് പുഷ്കരനുതോന്നും ". പിറ്റേന്നു രാവിലെ രാമൻകുട്ടിആശാൻ: " രാജ്യവും സിംഹാസനവും എല്ലാം തരാമെന്നു പറയുന്ന ജ്യേഷ്ഠനോട് ഉള്ളിൽ ബഹുമാനമല്ലേ ഉണ്ടാവുക ..പക്ഷെ കഥാഗതിക്ക് അതുചേരില്ലല്ലോ ". 

ശ്രീ മാങ്കുളത്തിന്റെ മാസ്റ്റർപ്പീസ്സായിരുന്നു ശ്രീകൃഷ്ണൻ..എന്റെ തലമുറക്കാർക്ക് മാങ്കുളം സാക്ഷാൽ ശ്രീകൃഷ്ണൻതന്നെ , പ്രത്യേകിച്ചു ദൂതിലെ കൃഷ്ണൻ ..അഭിനയം കൊണ്ടും ആഡംബരം കൊണ്ടും അതിന്റെ കേമത്തം ഒന്നു വേറെ തന്നെ ..അലങ്കരിച്ച രഥം , പഞ്ചവാദ്യം , കൊട്ടും കുരവയും - എല്ലാം വേണം ..കുചേലവൃത്തത്തിലെ കൃഷ്ണൻ സതീർത്ഥ്യനെ സ്നേഹവാൽസല്യങ്ങൾകൊണ്ട് വീർപ്പുമുട്ടിക്കുന്നു ..കുചേലൻ യാത്രയായതിനുശേഷം രുക്മിണിയോട്: " ജ്ഞാനികൾക്കും പുത്രകളത്രാദികളോടുള്ള മമത എത്രവലുതാണ് ! ദേഹം ഉള്ളിടത്തോളംകാലം ദേഹസ്വഭാവം നിലനില്ക്കും " ..ഇനി സുഭദ്രാഹരണത്തിലോ ? "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ " എന്ന കള്ളകൃഷ്ണന്റെ ഭാവം , ജ്യേഷ്Oന്റെ കോപം ശമിപ്പിക്കുന്നത് എല്ലാം എത്ര ഹൃദ്യം ! ..കൃഷ്ണനായി ജനിച്ച് , കൃഷ്ണനായി അരങ്ങിൽ ജീവിച്ച് , കൃഷനനായിത്തന്നെ അരങ്ങൊഴിഞ്ഞു ..ഹാ ! എത്ര ധന്യമായ ജീവിതം !

യശ: വേങ്ങൂര്‍ രാമകൃഷ്ണന്‍ നായര്‍: അമ്പുജാക്ഷന്‍ നായര്‍

ഞാൻ 1970 കാലഘട്ടത്തിൽ തൃശൂർ നഗരത്തിൽ ഒരു ആവശ്യത്തിന് എത്തി. അപ്രതീക്ഷിതമായി രണ്ടു ദിവസം അവിടെ താമസിക്കേണ്ടി വന്നു. ഒരു ദിവസം ഹോട്ടലിൽ താമസിച്ചു. അടുത്തനാൾ സമ്പത്തീകം അതിനു അനുവദിച്ചില്ല. ഞാൻ തൃശൂരിലേക്ക് തിരിക്കുമ്പോൾ എന്റെ പിതാവ് എന്നോട് ഒരു വിവരം സൂചിപ്പിച്ചിരുന്നു. ശ്രീ. വേങ്ങൂർ രാമകൃഷ്ണൻ തൃശൂരിലാണ് താമസം. നിനക്ക് അവിടെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ അദ്ദേഹത്തെ ചെന്ന് കണ്ടാൽ സഹായിക്കും എന്ന് .
തൃശൂർ നഗര വീഥിയിലുള്ള പലരോടും അന്വേഷിച്ചും ശ്രീ. വേങ്ങൂരിനെ പറ്റി ഒരു വിവരവും നേടാനായില്ല. ഒടുവിൽ ഒരു ആയൂർവേദ മരുന്ന് കടയിലെത്തി. തിരുവമ്പാടി ക്ഷേത്രത്തിനു സമീപം ഒരു ഡാൻസ് സ്കൂൾ ഉണ്ട് . അവിടെ അന്വേഷിക്കുക എന്നാണ് ആ കടയുടമ നിർദ്ദേശിച്ചത്. ഞാൻ ഡാൻസ് സ്കൂളിൽ എത്തുമ്പോൾ വൈകിട്ട് മൂന്നു മണിയായി. ഡാൻസ് സ്കൂളിൽ കണ്ടത് ഒരു പരിചയമുഖം . ആരെന്നോന്നും ചോദിച്ചില്ല. വെങ്ങൂർ ആശാനേ കാണണം എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം ഇപ്പോഴാണ് വീട്ടിലേക്കു പോയത്. പൂങ്കുന്നത്ത് ഒരു ഗ്രൌണ്ട് ഉണ്ട്. ആ ഗ്രൌണ്ടിനു സമീപം ചെന്ന് കഥകളി ആശാന്റെ വീട് അന്വേഷിച്ചാൽ ആരും അദ്ദേഹത്തിൻറെ വീട് കാണിച്ചു തരും എന്ന് പ്രസ്തുത പരിചയ മുഖമുള്ള വ്യക്തി അറിയിച്ചു.
സത്യത്തിൽ വിശപ്പും ക്ഷീണവും എന്നെ വല്ലാതെ അലട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിൻറെ വീടിന്റെ പൂമുഖത്തെത്തി. ആ വീടിന്റെ പൂമുഖത്ത് ഒരു തടിച്ചു , കുറുകിയ മനുഷ്യൻ കൂർക്കം വലിച്ചു കിടന്നുറങ്ങുന്നു. സഹായം തേടിയെത്തിയ ഞാൻ എങ്ങിനെ അദ്ദേഹത്തെ വിളിച്ചുണർത്തും. ആരോ വന്ന ശബ്ദം മനസിലാക്കി അദ്ദേഹത്തിന്റെ പത്നി എത്തി. അദ്ദേഹം ഉണരും വരെ ഇരിക്കുവാൻ പറഞ്ഞിട്ട് ഒരു ചായ നല്കി.
വൈകിട്ട് അഞ്ചുമണിയോടെ അദ്ദേഹം ഉണർന്നു. ഉറക്കത്താലാവും ആ കണ്ണുകൾ ചുവന്നിരുന്നു. ( അദ്ദേഹം അല്പ്പം സേവിച്ചിരുന്നു എന്നാണ് ഞാൻ മനസിലാക്കിയത്)
ഞാൻ ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ മകനാണെന്നും ഒരാവശ്യത്തിനു തൃശൂർ നഗരത്തിൽ എത്തിയതാണ് എന്നും ഒരു രാത്രി താമസിക്കണം എന്നും അദ്ദേഹത്തെ ഒരു ഗദ്ഗദത്തോടെയാണ് അറിയിച്ചത് .
അദ്ദേഹം കുറച്ചു സമയം ഒന്നും മിണ്ടിയില്ല. എന്നെ സൂക്ഷിച്ചു നോക്കി കുറച്ചു നേരം മൌനമായി ഇരുന്നു. പിന്നീട് മുഖം പല തവണ കൈകൾ കൊണ്ട് തുടച്ചു. എന്നിട്ട് പെട്ടെന്ന് ഒരു ചോദ്യം "ഉച്ചയ്ക്ക് ആഹാരം കഴിച്ചോ എന്ന് " കഴിച്ചു എന്ന് മറുപടി പറഞ്ഞു. പിന്നീട് കുളിക്കുന്നോ എന്നായി. കുളിക്കണം എന്ന് ഞാൻ പറഞ്ഞു. ഞാൻ കുളി കഴിഞ്ഞപ്പോൾ അദ്ദേഹവും കുളി കഴിഞ്ഞെത്തി. വലിയ ഉള്ളി ദോശമാവിൽ അരിഞ്ഞിട്ടു ചുട്ട രണ്ടു ദോശയും കഴിച്ചു കൊണ്ട് അദ്ദേഹം എന്നെയും കൂട്ടി പൂങ്കുന്നം ഗ്രൌണ്ടിൽ എത്തി. അവിടെ ഫുട് ബാൾ മത്സരം നടക്കുന്നുണ്ടായിരുന്നു. .
അഫുട് ബാൾ മത്സരം കണ്ടു അദ്ദേഹം മതി മറന്നു ആഹ്ലാദിക്കുന്നുണ്ടായിരുന്നു. രാത്രി എട്ടുമണി വരെ ഞങ്ങൾ അവിടെ നിന്ന് ഫുട് ബാൾ കളി കണ്ടു. അതിനു ശേഷം വീട്ടിൽ മടങ്ങിയെത്തി. പിന്നീട് വളരെ സ്നേഹ മസൃണമായ സമീപനം തന്നെ. ഊണിനു ശേഷം കഥകളി തന്നെയായിരുന്നു ഞങ്ങളുടെ സംസാര വിഷയം. ശ്രീ. കലാമണ്ഡലം വാസുപ്പിഷാരടി അവര്കളോട് അദ്ദേഹത്തിനുള്ള അളവറ്റ സ്നേഹം എനിക്ക് അദ്ദേഹത്തിൻറെ സംസാരത്തിൽ നിന്നും മനസിലാക്കുവാൻ സാധിച്ചു.
അടുത്ത നാൾ രാവിലെ ഒന്പത് മണിക്ക് ഞാൻ നഗരത്തിലേക്ക് പുറപ്പെടുമ്പോൾ അദ്ദേഹം എന്റെ മടക്കയാത്രയെ പറ്റി ചോദിച്ചു. വന്ന വിഷയം സാധിച്ചാലും ഇല്ലെകിലും വൈകിട്ട് രണ്ടു മണിക്ക് ഞാൻ മടങ്ങും എന്ന് അദ്ദേഹത്തെ അറിയിച്ചു. രണ്ടു മണിക്ക് ഞാൻ ചാലക്കുടിയിൽ ഒരു കളിക്ക് പോകാൻ തൃശൂർ KSRTC സ്റ്റാൻറ്റിൽ എത്തും. കാണാൻ ശ്രമിക്കണം എന്ന് അദ്ദേഹം അറിയിച്ചു.
ഞാൻ രണ്ടര മണിയോടെ KSRTC സ്റ്റാൻറ്റിൽ എത്തുമ്പോൾ അദ്ദേഹം ഒരു ടർലീൻ ഷർട്ടുമിട്ടു ഒരു ബാഗും തോളിലിട്ടു കൌണ്ടാറിന്റെ സമീപം നില്ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ഞാനും ചാലക്കുടിയ്ക്ക്‌ പോയി. ചാലക്കുടിക്ക് ബസ്സിൽ അദ്ദേഹം തന്നെ ടിക്കറ്റ് എടുത്തു. ചാലക്കുടിയിൽ നിന്നും കുറച്ചകലെ ഒരു കളിസ്തലത്തെത്തി. അന്ന് അവിടെ കളിക്ക് എത്തിയിയിരുന്ന കലാകാരന്മാരിൽ ശ്രീ. ഹരിപ്പാട് ആശാൻ ഒഴികെ ആരും തന്നെ എനിക്ക് പരിചിതർ അല്ലായിരുന്നു. രണ്ടാമത്തെ കഥ പ്രഹ്ലാദചരിതം ആയിരുന്നു. ഹരിപ്പാട്‌ ആശാന്റെ ഹിരണ്യൻ, വേങ്ങൂർ ആശാന്റെ നരസിംഹം. കളി കഴിഞ്ഞു ഹരിപ്പാട്‌ ആശാനോടൊപ്പം മടക്കയാത്രയും.
പിന്നീട് അദ്ദേഹം വടക്കൻ പറവൂര് , പെരുവാരം,ഏലൂർ നാറാണത്ത് തുടങ്ങിയ ഭാഗങ്ങളിൽ കളിക്ക് എന്റെ പിതാവിനെ കാണുമ്പൊൾ എന്നെ പറ്റി അന്വേഷിക്കാറുണ്ട് എന്ന് എന്റെ പിതാവ് എന്നോട് പറഞ്ഞിട്ടുണ്ട്.
ഒരിക്കലും മനസ്സിൽ നിന്നും മായാത്ത കഥകളി ലോകത്തെ ഒരു വ്യക്തിത്തമാണ് അദ്ദേഹത്തിൽ ഞാൻ കണ്ടത്.

'കാദ്രവേയ'യിലെ കൌതുകങ്ങള്‍...........: വിനോദ് കൃഷ്ണന്‍ സി.


നളചരിതം മൂന്നാംദിവസത്തിലെ ബാഹുകന്‍റെ 'കാദ്രവേയ കുലതിലക' എന്ന പദം എന്നെ അത്യധികം ആകര്‍ഷിച്ചിട്ടുള്ള പദങ്ങളില്‍ ഒന്നാണ്. ഈ പദം ഓരോ തവണ കേള്‍കുംപോഴും കാണുമ്പോഴും എന്തൊക്കയോ മനസ്സില്‍ വന്നു നിറയാറുമുണ്ട്‌. ആ ചിന്തകള്‍ ആണ് ഞാന്‍ ഒന്ന് എഴുതി നോക്കുന്നത്. പുതിയ ആട്ടം ഞാന്‍ പഠിപ്പിക്കുകയല്ല. ഇതാണ് ശരി എന്നും പറയാനുള്ള വിവരക്കേടും എനിക്കില്ല. പക്ഷെ എന്‍റെ മനസ്സില്‍ തോന്നിയ ചെറിയ ചിന്തകള്‍ ആയി പരിഗണിക്കണമെന്ന് മുതിര്‍ന്ന നിങ്ങളോട് ഒരു അപേക്ഷ. കഥകളി മനസിലാക്കാന്‍ ഒരു പുരുഷായുസ്സു പോരാ എന്ന് പറഞ്ഞ ആചാര്യന്‍ പട്ടിക്കാംതൊടിയില്‍ രാവുണ്ണി മേനോന്‍ ആശാനെ വീണ്ടും വീണ്ടും കുമ്പിടുന്നു...............
'കാദ്രവേയ'.......... കദ്രു പുത്രന്‍ എന്നാണു സംബോധന. കദ്രുവും വിനതയും തമ്മിലുള്ള കലഹം പ്രസിദ്ധമാണല്ലോ. ചതി ആയിരുന്നു കദ്രുവിന്‍റെ വിജയകാരണവും. പരോക്ഷമായി നളന്‍റെ ചിന്തയില്‍ കാര്‍ക്കോടകനും നളനോട് ചെയ്തത് അതുതന്നെയാണല്ലോ. 'ചിന്തിതമചിരാല്‍' എന്ന കാര്‍ക്കോടകന്‍റെ മറുപടി കേള്‍ക്കും വരെ നളനു പൂര്‍ണസമാധാനം കിട്ടുന്നുമില്ല. ഇനി 'കാദ്രവേയാ' എന്ന വാക്കുകേള്‍ക്കുമ്പോള്‍ സംസ്കൃതവും വ്യാകരണവും ഒന്നും ഒട്ടും അറിയാത്ത എനിക്ക് തോന്നുന്ന ഒരു അര്‍ത്ഥം ഉണ്ട്. അത്, ആര്‍ദ്രത വ്യയം ചെയ്യുന്നവനേ എന്നാണ്. അതിനു ഒരു ചെറിയ യുക്തി എന്തെന്നാല്‍, ഇതിനു മുന്‍പുള്ള കാര്‍ക്കോടകന്റെ പദത്തില്‍ 'നിന്നഴല്‍ക്കു മൂലം' എന്ന് തുടങ്ങിയുള്ള ഭാഗം ശ്രദ്ധിക്കാം. നിന്‍റെ എല്ലാ ദു:ഖത്തിനും കാരണം കലി ആണ്. എന്നുടെ വിഷം ഏറ്റതിനാല്‍ അവന്‍ പെട്ടന്ന് നിന്നെ വിട്ടൊഴിയും. നിന്നെ ആരും അറിയാതിരിക്കാന്‍ നിന്‍റെ ശരീരം ഞാന്‍ മറച്ചതാണ്. ഞാന്‍ തരുന്ന വസ്ത്രം ധരിച്ചാല്‍ നിനക്ക് പഴയ രൂപം ലഭിക്കും. ഈ വരികള്‍കൊണ്ടു നളനു എത്രത്തോളം ആശ്വാസം ലഭിക്കുമെന്നു നമുക്ക് ഊഹിക്കാം. നളന്‍റെ തുടര്‍ന്നുള്ള ജീവിതത്തിനു വേണ്ട കാര്യങ്ങളാണ് കാര്‍ക്കോടകന്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ തനിക്കു വളരെ വലിയ ഉപകാരം ചെയ്തവനെ, തന്നോട് ഏറ്റവും കരുണ കാണിച്ചവനെ എന്ന് നളന്‍ കാര്‍ക്കൊടകനെ വിളിച്ചാല്‍ തെറ്റില്ല.
'കാല്‍തളിരേ കൂപ്പുന്നേന്‍'........ ദിവ്യനാണ് കാര്‍ക്കോടകന്‍. നാഗമാണേങ്കിലും ആ രൂപത്തില്‍തന്നെ ആവണം നളനു മുന്നില്‍ കണ്ടത് എന്നില്ല. നളന്‍ പറയുന്നുണ്ടല്ലോ 'കത്തുന്ന വനശിഖി മധ്യഗന്‍ ആരെടോ നീ', 'ഭുജംഗം എന്ന് തോന്നി രൂപം കൊണ്ടു നിന്നെ'. തോന്നിയതേയുള്ളൂ. ദിവ്യന്മാര്‍ മാനുഷ രൂപത്തില്‍ പ്രത്യക്ഷപ്പെടും എങ്കിലും അവരെ തിരിച്ചറിയുന്ന അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കുക പതിവായിരിക്കണം. പാമ്പുമേക്കാട്ടു തിരുമേനി തിരുവഞ്ചിക്കുളത്ത് വച്ച് വാസുകിയെ കണ്ടത് മനുഷ്യ രൂപത്തില്‍ ആണെന്ന കഥ പ്രസിദ്ധമാണല്ലോ. അങ്ങിനെ പലതും. ഒന്നാംദിവസം കഥയില്‍ തന്നെ നളന്‍ ഇന്ദ്രാദികളെ കാണുമ്പോള്‍ ഉള്ള സംസാരം തെളിവും രസകരവുമാണ്. ലോഹ്യത്തിനായെങ്കിലും ഇന്ദ്രന്‍ ചോദിക്കുന്നു, 'നളന്‍ അല്ലയോ നീ'. നളനു ഇന്ദ്രാദികളെ മനസിലാകുന്നും ഇല്ല. തുടര്‍ന്ന്‍ ഇന്ദ്രന്‍ തന്നെയും അഗ്നി-വായു -വരുണന്മാരെയും പരിചയപ്പെടുത്തുന്നുമുണ്ട്. ഇത്രയും ചിന്തിച്ചത് മറ്റൊരു കാരണം കൊണ്ടാണ്. ഒരു വ്യക്തി ഒരിക്കല്‍ എഴുതികണ്ടു കാര്‍ക്കോടകന്‍റെ 'കാല്‍തളിരേ കൂപ്പുന്നേന്‍' എന്ന ഭാഗത്ത്‌ പാദം എന്ന് മുദ്ര കാണിക്കുന്നത് ഔചിത്യകുറവു ആണെന്ന്. മാത്രവുമല്ല ഇപ്പൊള്‍ ആ രംഗത്തിന്‍റെ അവസാനം കാര്‍ക്കോടകന്‍ അപ്രത്യക്ഷന്‍ ആകുന്ന സമയത്ത് ബാഹുകന്‍ കണ്ണുകൊണ്ട് കാര്‍ക്കോടകന്‍ ഇഴഞ്ഞിഴഞ്ഞു ആകാശത്തേക്ക് പോകുന്നതായി കാണിക്കുക പതിവാണല്ലോ. അതിനേക്കാള്‍ യോജ്യം മറ്റൊന്നാണ് എന്ന് തോന്നുന്നു. കാര്‍ക്കോടകന്‍ തീയില്‍ വസിക്കുംപോഴും പ്രത്യേകിച്ചു പുറത്തു വന്ന ശേഷവും ദിവ്യമായ മനുഷ്യരൂപത്തില്‍ ആണെന്നും അതിനു ശേഷം കാര്യങ്ങള്‍ പറഞ്ഞു വസ്ത്രവും നല്‍കി പൊടുന്നനെ അപ്രത്യക്ഷനായി എന്നും ചിന്തിക്കുന്നതല്ലേ. '
'ആര്‍ദ്രഭാവം'..........എന്നോട് എത്രത്തോളം കരുണ കാണിക്കാമോ അത്രത്തോളം അങ്ങ് പുലര്‍ത്തണം. എനിക്ക് പഴയ രൂപം തിരിച്ചു കിട്ടുക മാത്രമല്ല ആവശ്യം. ആരും അറിയാതിരിക്കുക മാത്രമല്ല ലക്ഷ്യം. അതിലും വലിയ കാര്യങ്ങള്‍ ലഭിക്കാനുണ്ട് അതിനു അങ്ങയുടെ അനുഗ്രഹം വേണം. അവ എന്തെന്ന് പിന്നീടുള്ള വരികളില്‍ നളന്‍ വ്യക്തമാക്കുന്നു.
'മാമക ദശകളെല്ലാം'......... ഇതിലും ഒരു കുസൃതി ഒളിപ്പിച്ചുവച്ചിട്ടുണ്ട്. തന്നെ തീയില്‍ നിന്ന് രക്ഷിക്കുമ്പോള്‍ ഒന്ന് മുതല്‍ എണ്ണാന്‍ കാര്‍ക്കോടകന്‍ ആവശ്യപ്പെടുന്നു. 'ദശം' എന്ന് എണ്ണി തുടങ്ങുമ്പോള്‍ ആണ് കാര്‍ക്കോടകന്‍ നളനെ ദംശിക്കുന്നത്. അതുകൊണ്ട് 'ദശ' എന്ന പദത്തിന് ഇവിടെ വളരെ പ്രസക്തിയുണ്ട്. അത് നളന്‍ ആവര്‍ത്തിക്കുമ്പോള്‍ ദിവ്യനാനെങ്കിലും കാര്‍ക്കോടകന്‍ ഒന്ന് ചൂളും.
'ധീമാതാംവരാ'...........ബുദ്ധിമാന്മാരില്‍ ശ്രേഷ്ഠന്‍ ആയിട്ടുള്ളവനെ എന്നാണ് നളന്‍ കാര്‍ക്കൊടകനെ വിളിക്കുന്നത്‌. ഇത് വെറും പ്രശംസയോ, സംബോധനയോ അല്ല. വേണ്ടത് വേണ്ടപ്പോള്‍ ചെയ്യുന്നതാണ് ബുദ്ധി. പ്രായോഗിക ബുദ്ധി, അപ്രായോഗിക ബുദ്ധി എന്നിങ്ങനെ ഇല്ല. ബുദ്ധി ഇപ്പോഴും പ്രായോഗികം ആയിരിക്കും. മഹാരാജാവായിരുന്ന നളന്‍ ആ ഘട്ടത്തില്‍ ഏറ്റവും ആവശ്യമുള്ളത് എന്താണോ അതാണ്‌ കാര്‍ക്കോടകന്‍ പ്രദാനം ചെയ്തത്. അപമാനഭാരത്താല്‍ നീറുന്ന പഴയ മഹാരാജാവിനു തന്നെ ആരും തിരിച്ചറിയരുതെന്ന ആഗ്രഹം മനസ്സില്‍ ഉണ്ട്. അതാണ്‌ അടുത്ത വരിയില്‍,' അവനീ നീളേ സഞ്ചാരം ഇനിയാം പ്രീതോഹം' എന്ന് വ്യക്തമായി പറയുന്നത്. ആ ആഗ്രഹം ആണു ഇപ്പോള്‍ സാധിച്ചിരിക്കുന്നത്. ഇതിലും വലിയ അനുഗ്രഹം തത്കാലം കിട്ടാനില്ല. ഒരു സമ്മാനം നല്‍കുമ്പോള്‍ അത് കൊടുക്കുന്നയാള്‍ക്കല്ല, ലഭിക്കുന്നയാള്‍ക്ക് ഉപകാരപ്രദം ആകണം എന്ന് പറയാറുണ്ടല്ലോ. ആ ന്യായം ആണിവിടെ കാര്‍ക്കോടകന്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. അതിന്‍റെ നന്ദിയാണിവിടെ നളന്‍ പറഞ്ഞിരിക്കുന്നതും.
'വേറെയോന്നായ്‌ കേള്‍ക്കേണമേ നാമധേയം'.......പണ്ടുകാലത്ത് നാമകരണം എന്നാല്‍ വളരെ പവിത്രമായ സംഗതിയായിരുന്നു. അതി സൂക്ഷ്മവും ഗഹനവുമായ സംഗതി. പുരാണങ്ങളില്‍ ഓരോ കഥാപാത്രത്തിനുള്ള പേരും അതിനു കാരണവും വിശദമാക്കിയിരിക്കും. ഉദാഹരണത്തിന് രാമന്‍, ശത്രുഘ്നന്‍, കൃഷ്ണന്‍, രാവണന്‍, മേഘനാദന്‍ തുടങ്ങിയവയൊക്കെ. പേരിലാണ് ഒരു വ്യക്തിയുടെ അസ്തിത്വം. അതുകൊണ്ട് തന്നെയാണ് തനിക്കു യോജിച്ച ഒരു പേരും നിര്‍ദ്ദേശിക്കണമെന്ന് നളന്‍ കാര്‍ക്കൊടകനോട് ആവശ്യപ്പെടുന്നത്. 'ബാഹുകന്‍' എന്നാല്‍ ബാഹുക്കള്‍ ചുരുങ്ങിയവന്‍. ശരീരത്തിന് ചേരാത്ത വളരെ ചെറിയ കയ്യുകള്‍ ഉള്ളവന്‍. പണ്ട് മാത്രമല്ല അടുത്തകാലം വരെയും പേരിനു പ്രസക്തിയുണ്ടല്ലോ. ചേനമ്പുറത്ത് കൃഷ്ണന്‍ എന്ന് കേട്ടാല്‍ വല്ല സഖാവ് ആണെന്ന് നമുക്ക് തോന്നും, ആ വ്യക്തി തന്നെയാണ് വാഴേങ്കട കുഞ്ചു നായര്‍ എന്ന് കേള്‍ക്കുമ്പോളോ. വടക്കെ മണാളത് ഗോവിന്ദന്‍റെ രൌദ്രഭീമന്‍ എന്ന് കേട്ടാല്‍ പോകാത്തവര്‍ അതെ നടന്‍ തന്നെയാണ് കലാമണ്ഡലം ഗോപി എന്ന് കേട്ടാല്‍ തിക്കി തിരക്കും.
'ഇന്ദുമൌലി ഹാരമേ'.............തന്‍റെ ഉപാസനാമൂര്‍ത്തിയെ അലങ്കരിക്കുന്നവനെ. ഏറ്റവും വിശിഷ്ടവസ്തു ആണല്ലോ നമ്മള്‍ ആഭരണമാക്കുക. അതും പരമശിവന്‍ ചെയ്യുമ്പോഴോ ആ ആഭരണത്തിന്‍റെ മൂല്ല്യം വര്‍ദ്ധിക്കുകയും ചെയ്യും. അങ്ങിനെയുള്ള അതി ദിവ്യനായ നാഗശ്രേഷ്ഠ എന്നാണ് സംബോധന. അതീവ ആദരം ആണിവിടെ സ്ഫുരിക്കുന്നത്.
'ഒന്നിനി എന്നോട് ചൊല്‍ക'....... എനിക്ക് ഒന്നേ അറിയണ്ടൂ. അത് എന്‍റെ പഴയ രൂപവും പ്രൌഡിയും തിരിച്ചുകിട്ടുന്നത് അല്ല. 'എന്നെനിക്കുണ്ടാകും യോഗം'. ഞാന്‍ കൊടുംകാട്ടില്‍ ഉപേക്ഷിച്ചുപോന്ന, എന്നെ കാണാഞ്ഞു ദുഖിതയായ എന്‍റെ ഭാര്യയെ വീണ്ടും ഒന്ന് കാണാന്‍, ഒന്നുചേരാന്‍ എനിക്ക് സാധിക്കുമോ.
'മുന്നേപോലെ മന്ദിരത്തില്‍'........പഴയതുപോലെ എന്‍റെ ഭാര്യയേയും കൂട്ടി ഒരു വീട്ടില്‍ കഴിയാനുള്ള ഭാഗ്യം. അത് രാജകൊട്ടാരത്തില്‍ തന്നെ തിരിച്ചു ചെല്ലണം എന്നാവുമോ. ആവാന്‍ വഴിയില്ല. ഒന്നും വേണ്ടാ, എന്‍റെ ഭാര്യയും മക്കളുമായി ഒന്നിച്ചു കഴിയാനുള്ള ഭാഗ്യം. അതുമാത്രമല്ലേ നളന്‍ ആ അവസ്ഥയില്‍ ആഗ്രഹിക്കുകയുള്ളൂ. രാജപദവിയും മറ്റു സുഖ സൌകര്യങ്ങളും ആഗ്രഹിക്കാനുള്ള അവസ്ഥയല്ലല്ലോ അത്.
'എന്നിയെ അറിയാമെന്നാകില്‍'.......ഈ ഭാഗത്ത്‌ വേണമെങ്കില്‍ ഒന്ന് പറയാം. ആദ്യം പറഞ്ഞ ആഗ്രഹം നിവൃത്തിക്കണം. അതുകഴിഞ്ഞ് എന്‍റെ ഭാവി ശോഭനം ആവുമോ എന്നുള്ള കാര്യവും പറഞ്ഞു തരണം എന്നായിക്കൂടെ. പ്രഥമ പരിഗണന കുടുംബത്തെ തിരിച്ചു കിട്ടുക എന്നതാണ്. അത് പറഞ്ഞുകഴിഞ്ഞു അങ്ങേക്ക് അറിയുമെങ്കില്‍ എന്‍റെ ഭാവി, രാജപദവി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എനിക്ക് അറിഞ്ഞാല്‍കൊള്ളാമെന്നും ഉണ്ട്..................

Wednesday, 8 October 2014

കഥകളി കലാകാരനെ, ആസ്വാദകനെ, സര്‍വ്വോപരി കഥകളി എന്ന കലയെ സംബന്ധിക്കുന്ന വിഷയങ്ങള്‍.......